മുകുന്ദപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ മോഷണം
1374383
Wednesday, November 29, 2023 6:46 AM IST
നെടുമ്പാശേരി: മുകുന്ദപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം. 30,000 രൂപയും മൂന്നുഗ്രാം സ്വർണവുമാണ് കവര്‍ച്ച നടന്നിട്ടുള്ളത്. ഇന്നലെ പുലര്‍ച്ചെയാണ് കവർച്ച നടന്നതെന്ന് കരുതുന്നു. കഴിഞ്ഞ ദിവസമാണ് അമ്പലത്തിലെ ഉത്സവം കഴിഞ്ഞത്.
ഭണ്ഡാരത്തിൽനിന്നു ലഭിച്ച തുക എണ്ണി തിട്ടപ്പെടുത്തുന്നതിനായും മറ്റും ഓഫീസിൽ സൂക്ഷിച്ച് വച്ചിരുക്കുകയായിരുന്നു. രാവിലെ ക്ഷേത്രം ഭാരവാഹികൾ എത്തിയപ്പോഴാണ് കവർച്ച നടന്ന വിവരം അറിയുന്നത്. അമ്പലത്തിന്റെ ഓഫീസ് കുത്തിതുറന്നാണ് പണം കവർന്നിട്ടുള്ളത്. ഓഫീസിലെ അലമാരികൾ എല്ലാം തുറന്നു മോഷ്ടാവ് പരിശോധന നടത്തിയിട്ടുണ്ട്. അലമാരിയിലെ ചെറിയ പെട്ടിയില്‍ ശ്രീകോവിലിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ സൂക്ഷിച്ചിരുന്നു. ഇതെടുത്ത് നടപ്പന്തലിന്റെ ഓട് പൊളിച്ച് അകത്തു കടന്നാണ് ശ്രീകോവിൽ തുറന്നത്.
ശ്രീകോവിലിൽ ചെറിയ ബോക്സിൽ സൂക്ഷിച്ചിരുന്ന സ്വർണ ഏലസുകളാണ് മോഷണം പോയത്. കവര്‍ച്ചയ്ക്കുശേഷം ശ്രീകോവിലിന്റെ വാതിൽ അടച്ചിരുന്നു. പുലർച്ചെ മേല്‍ശാന്തി എത്തിയപ്പോഴാണ് സ്വര്‍ണ മോഷണം അറിയുന്നത്.
തൊട്ടടുത്തുള്ള കുമരംചിറങ്ങര ഭഗവതി ക്ഷേത്രത്തിന്റെ ഭണ്ഡാരവും കുത്തിതുറക്കാൻ ശ്രമം നടത്തിയിട്ടുണ്ട്. ക്ഷേത്ര ഭാരവാഹികൾ നെടുമ്പാശേരി പോലീസിൽ പരാതി നൽകി.