അങ്കമാലി ബെപ്പാസ് ഭൂമി ഏറ്റെടുക്കല്‍ സര്‍വേ ഒക്ടോബര്‍ 30ന് മുന്‍പ് പൂര്‍ത്തിയാക്കണം
1338981
Thursday, September 28, 2023 2:23 AM IST
അങ്കമാലി: അങ്കമാലി-കൊച്ചി എയര്‍പോര്‍ട്ട് ബൈപ്പാസ് നിര്‍മാണവുമായി ബന്ധപ്പെട്ട സര്‍വേ നടപടികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ റോജി എം.ജോണ്‍ എംഎല്‍എയുടേയും കളക്ടര്‍ എന്‍.എസ്.കെ. ഉമേഷിന്റെയും നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗം നിര്‍ദേശം നല്കി.
ബൈപ്പാസ് നിര്‍മാണവുമായി ബന്ധപ്പെട്ടു ഭൂമി ഏറ്റെടുക്കല്‍ സര്‍വേ നടപടികള്‍ ഒക്ടോബര്‍ 30ന് മുന്‍പ് പൂര്‍ത്തിയാക്കി അംഗീകാരത്തിനായി സമര്‍പ്പിക്കണം.
749.71 ആര് ഭൂമിയാണ് ബൈപ്പാസ് നിര്‍മാണവുമായി ബന്ധപ്പെട്ട് ഏറ്റെടുക്കേണ്ടത്. എല്ലാ മാസവും പ്രവര്‍ത്തന പുരോഗതി വിലയിരുത്താൻ യോഗം ചേരണമെന്ന് നിര്‍ദേശിച്ചു. കാലടി സമാന്തര പാലത്തിന്റെ പ്രവര്‍ത്തന പുരോഗതിയും യോഗം വിലയിരുത്തി.
പദ്ധതിയുമായി ബന്ധപ്പെട്ട അടിസ്ഥാന വിലനിര്‍ണയ റിപ്പോര്‍ട്ട് വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ യോഗത്തില്‍ നിര്‍ദേശിച്ചു. പുനരധിവാസ പാക്കേജിന് ലാന്‍ഡ് റവന്യു കമ്മീഷണറില്‍നിന്ന് അംഗീകാരം ലഭിച്ചു.
ഡെപ്യൂട്ടി കളക്ടര്‍(എല്‍എ) പി.സിന്ധു, അങ്കമാലി നഗരസഭാധ്യക്ഷന്‍ മാത്യു തോമസ് തുടങ്ങിയവർ യോഗത്തില്‍ പങ്കെടുത്തു.