കാട്ടാന കൃഷി നശിപ്പിച്ചു
1337703
Saturday, September 23, 2023 1:58 AM IST
മലയാറ്റൂര്‍: നീലിശ്വരം പഞ്ചായത്തിലെ യൂക്കാലി പാണ്ഡ്യന്‍ചിറയിൽ ഫെൻസിംഗ് തകർത്തെത്തിയ കാട്ടാന കൃഷി നശിപ്പിച്ചു. രണ്ടാം വാര്‍ഡിലെ ഒന്നര ഏക്കര്‍ സ്ഥലത്തെ കൃഷിയാണ് ആന നശിപ്പിച്ചത്.
നടുവട്ടം കൊടുങ്ങുക്കാരന്‍ കെ.ഇ. ആന്റുവിന്റെ 1.64 ഏക്കറിൽ കൃഷി ചെയ്ത വാഴ, തെങ്ങ്, പച്ചക്കറി, കവുങ്ങ് എന്നിവയാണ് ആന നശിപ്പിച്ചത്. മുന്നോറോളം വാഴയും, തെങ്ങുകളും നശിപ്പിച്ചു. മൂന്നര ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് കൃഷിയിറക്കിയതെന്ന് ആന്റു പറഞ്ഞു.
ഫെന്‍സിംഗിനു മേല്‍ മരം തള്ളിയിട്ട ശേഷം ഇതിലൂടെ വേലി മറികടന്നാണ് ആന കൃഷിയിടത്തിലെത്തിയത്. ഫെന്‍സിംഗ് മറികടന്ന് ആന വരില്ല എന്ന വിശ്വാസത്തിലായിരുന്നു തങ്ങളെന്നും ഇനി എന്ത് വിശ്വാസിച്ചാണ് കൃഷിയിറക്കേണ്ടതെന്നുമാണ് കര്‍ഷകര്‍ ചോദിക്കുന്നത്.
ബാങ്ക് ലോണും കൈവായ്പയും വാങ്ങി കൃഷിയിറക്കി, വിളവു ലഭിക്കുന്പോൾ തിരിച്ചുകൊടുക്കാമെന്ന വിശ്വസത്തിലാണ് പലരുടെയും കൃഷി. വന്യമൃഗങ്ങളുടെ ആക്രമണത്തെത്തുടർന്ന് വിളവുമില്ല, ഇറക്കിയ രൂപയും നഷ്ടമെന്ന അവസ്ഥയിലാണ് കര്‍ഷകര്‍.