പ്രവേശന കവാടം അടച്ചിട്ട് മൂന്നുമാസം വട്ടംചുറ്റി നഗരസഭാ സന്ദർശകർ
1337691
Saturday, September 23, 2023 1:42 AM IST
മൂവാറ്റുപുഴ: നഗരസഭ ഓഫീസിനു മുന്നിലെത്തിയിട്ടും കാര്യാലയം എവിടെയെന്ന് കണ്ടെത്താനാവാതെ പൊതുജനം.
അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി കാര്യാലയത്തിന്റെ പ്രവേശന കവാടം അടച്ചിട്ട് മൂന്നു മാസത്തിലേറെയായി. ഫ്ളക്സ് ബോർഡുകളും മറ്റും ഉപയോഗിച്ചാണ് പ്രവേശന കവാടം അറ്റകുറ്റപ്പണിക്കായി അടച്ചത്.
നഗരസഭാ കാര്യാലയത്തിൽ എത്തുന്നവർക്ക് കെട്ടിടത്തിന്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന നഗരസഭാധ്യക്ഷന്റെയും മറ്റ് കൗണ്‍സിലർമാരുടെയും ഓഫീസ് മുറിയിലെത്താൻ വട്ടംചുറ്റേണ്ട അവസ്ഥയാണ്.
ബലക്ഷയവും, കാലപ്പഴക്കവും മൂലം കാര്യാലയത്തിന്റെ കാർ പോർച്ച് ജീർണിച്ച് കോണ്ക്രീറ്റുകൾ അടർന്നുവീഴുകയും നഗരസഭയിലെത്തുന്നവർക്ക് ഭീഷണി ഉയർത്തുകയും ചെയ്യുന്ന അവസ്ഥയാണ്.
പ്രവേശന കാവാടം അടച്ചതല്ലാതെ നഗരസഭ ഓഫീസിൽ പ്രവേശിക്കുന്നതിന് കൃത്യമായ സജ്ജീകരണങ്ങളോ മറ്റ് ബദൽ മാർഗങ്ങളോ സ്വീകരിച്ചിട്ടില്ല.
നഗരസഭാ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന നഗരസഭയുടെ പൊതു സന്പർക്ക കേന്ദ്രം, കുടുംബശ്രീ കാര്യാലയം എന്നീ ഓഫീസുകളിൽക്കൂടി പ്രവേശിച്ചാണ് ജനങ്ങൾ കാര്യാലയത്തിൽ പ്രവേശിക്കുന്നത്.
4,20,000 മുടക്കിയാണ് നവീകരണം നടത്തുന്നത്. മൂന്ന് മാസമായിട്ടും നിർമാണം എങ്ങുമെത്താത്ത അവസ്ഥയാണെന്ന് പ്രതിപക്ഷനേതാവ് ആർ. രാകേഷ് പറഞ്ഞു.