ലാഭത്തിന്റെ ട്രാക്കിൽ കൊച്ചി മെട്രോ
1337672
Saturday, September 23, 2023 1:14 AM IST
കൊച്ചി: കൊച്ചി മെട്രോയുടെ ഓട്ടം നഷ്ടത്തിലാണെന്ന പരിഭവം തത്കാലമെങ്കിലും മറക്കാം. ഇതാദ്യമായി മെട്രോ പ്രവർത്തനലാഭത്തിന്റെ ട്രാക്കിലേക്കു കടന്നു. 2022-23 സാമ്പത്തിക വർഷത്തിൽ കൊച്ചി മെട്രോ 5.35 കോടി രൂപ പ്രവർത്തന ലാഭം നേടി.
പ്രവർത്തന വരുമാനത്തിൽ 145 ശതമാനം വളർച്ച രേഖപ്പെടുത്തി. 2017 ൽ തുടങ്ങിയ കൊച്ചി മെട്രോ തുടർച്ചയായ നഷ്ടക്കണക്കുകൾക്കുശേഷം ഇതാദ്യമായാണ് ലാഭത്തിന്റെ ഗ്രാഫ് തുറന്നത്.
യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർധനയും ചെലവുചുരുക്കലുമാണ് പ്രവർത്തനലാഭത്തിലേക്കു മെട്രോയെ നയിച്ചത്. 2020-21 സാമ്പത്തിക വർഷത്തിൽ 12.90 കോടി രൂപയായിരുന്ന ടിക്കറ്റ് നിരക്കിലൂടെ (ഫെയർ ബോക്സ്) ലഭിച്ച വരുമാനം. 2022-23 ൽ ഇത് 75.49 കോടി രൂപയിലേക്കുയർന്നു. 485 ശതമാനം വർധനയാണുണ്ടായത്. യാത്രക്കാരുടെ എണ്ണത്തിലെ വർധന ഫെയർ ബോക്സ് വരുമാനം ഉയരുന്നതിനും സഹായകരമായി.
പരസ്യബോർഡുകൾ, കിയോസ്കുകൾ തുടങ്ങിയവയിലെ (നോൺ ഫെയർ ബോക്സ്) വരുമാനത്തിനും മികച്ച വളർച്ചയാണുണ്ടായത്. 2020-21 ൽ 41.42 കോടി രൂപയായിരുന്ന നോൺ ഫെയർ ബോക്സ് വരുമാനം 2022-23 ൽ 58.55 കോടി രൂപയായി ഉയർന്നു.
ഫെയർ ബോക്സ്, നോൺ ഫെയർ ബോക്സ് വരുമാനങ്ങൾ കൂട്ടുമ്പോൾ 2020-21 വർഷത്തിലെ ഓപ്പറേഷണൽ റവന്യു 54.32 കോടി രൂപയിൽ നിന്ന് 2022-23 സാമ്പത്തിക വർഷത്തിൽ 134.04 കോടി രൂപയായി ഉയർന്നു. ദൈനംദിന പ്രവര്ത്തനങ്ങള്ക്ക് വേണ്ടിവരുന്ന ചെലവും വരവും കണക്കിലെടുത്താണു പ്രവര്ത്തനലാഭം കണക്കാക്കുന്നത്.
ലക്ഷം കടന്ന് യാത്രക്കാർ
കേരളത്തിന്റെ പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന കൊച്ചി മെട്രോ 2017 ജൂണിലാണ് സർവീസ് ആരംഭിച്ചത്. ആദ്യമാസം 59894 പേരാണു മെട്രോയിൽ യാത്ര ചെയ്തത്. ഓഗസ്റ്റിലെത്തിയപ്പോൾ 32603 ആയി കുറഞ്ഞെങ്കിലും ഡിസംബറിൽ 52254 ലേക്ക് ഉയർന്നു.
2018ൽ യാത്രക്കാരുടെ എണ്ണം 40000 ത്തിനു മുകളിൽ പോയില്ല. എന്നാൽ 2019 ഒക്ടോബറിനും ഡിസംബറിനുമിടയിൽ 60000 പേർ കൊച്ചി മെട്രോയിൽ യാത്ര ചെയ്തു. മറ്റെല്ലാ മേഖലയെയും പോലെ കൊച്ചി മെട്രോയെയും കോവിഡ് 'ബാധിച്ചു'. കോവിഡ് കാലത്ത് 2021 മേയിൽ യാത്രക്കാരുടെ എണ്ണം 5300 ആയി കുറഞ്ഞിരുന്നു.
2021 ജൂലൈയിൽ 12000 ലെത്തി. വിവിധ പ്രചാരണ പരിപാടികളിലൂടെയും ഓഫറുകളിലൂടെയും കൂടുതൽ യാത്രക്കാരെ മെട്രോയിലേക്കെത്തിക്കാൻ സാധിച്ചതോടെ 2022 സെപ്റ്റംബറിനും നവംബറിനുമിടയ്ക്ക് യാത്രക്കാരുടെ ശരാശരി യാത്രക്കാരുടെ എണ്ണം 75000 കടന്നു.
2023 ജനുവരിയിൽ ശരാശരി യാത്രക്കാരുടെ എണ്ണം 80000 കടന്നു. നിലവിൽ ലക്ഷത്തിലധികമാണ് പ്രതിമാസ യാത്രക്കാരുടെ എണ്ണമെന്നു കണക്കുകൾ വ്യക്തമാക്കുന്നു.
പ്രവർത്തന ചെലവ് കുറച്ചു
വിവിധ ചെലവ് ചുരുക്കൽ നടപടികൾ കൊച്ചി മെട്രോയിൽ നടപ്പാക്കി. 2022-23 വർഷത്തിൽ കൊച്ചി മെട്രോയുടെ രണ്ട് സ്റ്റേഷനുകൾ കൂടി പ്രവർത്തനം ആരംഭിച്ചെങ്കിലും 2020-21 വർഷത്തേക്കാൾ 15 ശതമാനം വർധന മാത്രമാണ് പ്രവർത്തന ചെലവിലുണ്ടായത്.
2020-21 സാമ്പത്തിക വർഷത്തിൽ 56.56 കോടി രൂപയിൽ നിന്ന് 2021-2022 ൽ പ്രവർത്തന നഷ്ടം 34.94 കോടി രൂപയിലേക്ക് കുറയ്ക്കാൻ കെഎംആർഎലിന് സാധിച്ചിരുന്നു.
ഓഫർ...ഓഫർ..
വിദ്യാർത്ഥികൾക്കും സ്ഥിരം യാത്രികർക്കുമായുള്ള വിവിധ സ്കീമുകൾ ഏർപ്പെടുത്തിയതും സെൽഫ് ടിക്കറ്റിംഗ് മഷീനുകൾ സ്ഥാപിച്ചതും യാത്രക്കാരെ ആകർഷിക്കാൻ സോഷ്യൽ മീഡിയയിലൂടെ നടത്തിയ കാന്പയിനുകളും വിജയം കണ്ടു.
ഐഎസ്എൽ ഉദ്ഘാടന മത്സരത്തോടനുബന്ധിച്ചു കഴിഞ്ഞ വ്യാഴാഴ്ച അധിക സർവീസും രാത്രി പത്തിനു ശേഷം നിരക്കിളവും ഏർപ്പെടുത്തിയിരുന്നു. 1,27,828 പേരാണ് അന്നു മെട്രോയിൽ യാത്ര ചെയ്തത്.
തൃപ്പൂണിത്തുറ സ്റ്റേഷൻ ഉടൻ
ഡിസംബറിലോ ജനുവരിയിലോ കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറ സ്റ്റേഷൻ പ്രവർത്തനമാരംഭിക്കും.
മെട്രോ രണ്ടാം ഘട്ടം കൂടി പ്രാവർത്തികമാകുന്നതോടെ ഫെയർ ബോക്സ്, നോൺ ഫെയർ ബോക്സ് റവന്യുവിൽ കാര്യമായ പുരോഗതിയുണ്ടാകുമെന്നാണ് കെഎംആർഎലിന്റെ പ്രതീക്ഷ.
വായ്പ അടയ്ക്കാനുണ്ടേ..!
കൊച്ചി മെട്രോയ്ക്കായി സ്വീകരിച്ചിട്ടുള്ള വിവിധ വായ്പകളുടെ തിരിച്ചടവ് തീർന്നിട്ടില്ല. സംസ്ഥാന സർക്കാരാണ് വായ്പകളും മറ്റ് നികുതികളും അടയ്ക്കുന്നത്.
ഫെയർ ബോക്സ്, നോൺ ഫെയർ ബോക്സ് റവന്യു വർധിപ്പിച്ചു കൂതൽ ലാഭം നേടി ലോണുകളുടെ തിരിച്ചടവിന് സർക്കാരിനെ സഹായിക്കാനാണ് കെഎംആർഎൽ ലക്ഷ്യമിടുന്നതെന്നു മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ പറഞ്ഞു .