കുഴിയില്‍ വീണു കുട്ടി മരിച്ച സംഭവം നാവികസേനാ അധികൃതര്‍ക്ക് ഉത്തരവാദിത്വമുണ്ട്: കോടതി
1337454
Friday, September 22, 2023 2:58 AM IST
കൊച്ചി: ഫോര്‍ട്ടുകൊച്ചിയില്‍ നാവികസേനയുടെ റെസിഡന്‍ഷ്യല്‍ കോംപ്ലക്സിനോടു ചേര്‍ന്നുള്ള പാര്‍ക്കിനു പിന്നിലെ സുരക്ഷാ വേലിയില്ലാത്ത കുഴിയില്‍ വീണു നാവികന്റെ കുട്ടി മരിച്ച സംഭവത്തില്‍ നാവികസേനാ അധികൃതര്‍ക്ക് ഉത്തരവാദിത്വമുണ്ടെന്ന് ഹൈക്കോടതി.
വന്‍തുക നഷ്ടപരിഹാരമായി നല്‍കേണ്ട കേസാണിതെന്ന് സിംഗിള്‍ബെഞ്ച് അഭിപ്രായപ്പെട്ടതോടെ ഹെഡ്ക്വാർട്ടേഴ്സുമായി ബന്ധപ്പെട്ട് ഇതില്‍ തീരുമാനം അറിയിക്കാന്‍ നാവികസേനാ അധികൃതര്‍ സമയം തേടി. തുടര്‍ന്ന് ജസ്റ്റീസ് അമിത് റാവല്‍ ഹര്‍ജി ഒക്ടോബര്‍ 27 ലേക്ക് മാറ്റി.
നാവികനായ വിശാഖപട്ടണം സ്വദേശി എസ്.ടി റെഡ്ഢിയും ഭാര്യയുമാണ് ഹര്‍ജിക്കാര്‍. ഇവരുടെ മകനായ സായ് ആകാശ് 2015 ഫെബ്രുവരി 22 നാണ് മഹാവീര്‍ എന്‍ക്ലേവ് എന്ന റെസിഡന്‍ഷ്യല്‍ കോംപ്ലക്സിനോടു ചേര്‍ന്നുള്ള പാര്‍ക്കിനു പിന്നിലെ കുഴിയില്‍ വീണു മരിച്ചത്.
സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹര്‍ജിക്കാര്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ മഹാവീര്‍ എന്‍ക്ലേവിലെ മെയിന്റനന്‍സ് ആവശ്യങ്ങള്‍ക്കായി ഒന്നര മീറ്റര്‍ ആഴത്തില്‍ തയാറാക്കിയ കുഴി തുറന്നിട്ടത് കരാറുകാരന്റെ വീഴ്ചയാണെന്നും ഉത്തരവാദിത്വം കരാറുകാരനാണെന്നും നാവിക സേന അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ഈ വാദം ഹൈക്കോടതി തള്ളി.
കരാറുകാരനു മതിയായ നിര്‍ദേശം നല്‍കേണ്ട ചുമതല അധികൃതര്ക്കുണ്ടായിരുന്നെന്നും കുട്ടി മരിക്കാനിടയായ സംഭവത്തില്‍ അധികൃതര്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും കോടതി പറഞ്ഞു.
തുടര്‍ന്നാണ് വന്‍തുക നഷ്ടപരിഹാരം നല്‍കേണ്ട കേസാണിതെന്നും വസ്തുതകള്‍ പരിശോധിച്ച് തീരുമാനമെടുക്കാന്‍ റിട്ടയേഡ് ജില്ലാ ജഡ്ജിയെ നിയോഗിക്കേണ്ടതുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കിയത്.