ജില്ലയില്‍ റവന്യൂ റിക്കവറി പിരിവ് ഊര്‍ജിതമാക്കും
1337452
Friday, September 22, 2023 2:58 AM IST
കാക്കനാട്: ജില്ലയിലെ റവന്യൂ റിക്കവറി പിരിവ് ഊര്‍ജിതമാക്കണമെന്ന് ജില്ലാ കളക്ടര്‍ എന്‍.എസ്. കെ. ഉമേഷ് നിര്‍ദേശിച്ചു. ഓഗസ്റ്റിലെ റവന്യൂ റിക്കവറി, ലാന്‍ഡ് റവന്യൂ പിരിവ് പുരോഗതി എന്നിവ വിലയിരുത്താൻ ചേര്‍ന്ന അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സെയില്‍സ് ടാക്സ്, മോട്ടോര്‍ വെഹിക്കിള്‍ ടാക്സ്, ബാങ്ക് ലോണ്‍, തൊഴില്‍ നികുതി കുടിശിക തുടങ്ങി വിവിധ റവന്യൂ റിക്കവറി ഇനങ്ങളിലായി 247 കോടി രൂപ പിരിക്കാനുണ്ട്. അതിനാല്‍ പിരിച്ചെടുക്കല്‍ ഊർജിതമാക്കണമെന്ന് കളക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നല്കി.
10 ലക്ഷത്തിനുമേല്‍ കുടിശികയുള്ള കക്ഷികളെ കണ്ടെത്തി റവന്യൂ റിക്കവറി നടപടിപ്രകാരം ജപ്തി, വില്പന ഉള്‍പ്പെടെയുള്ള നടപടി സ്വീകരിച്ച് അടിയന്തരമായി തുക ഈടാക്കണം. 20 ലക്ഷത്തിലധികമുള്ള ബാങ്ക് ലോണ്‍ കേസുകളില്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം അതാത് ബാങ്കുകള്‍ക്ക് തിരിച്ച് അയക്കാനും കളക്ടര്‍ നിർദേശിച്ചു.
ബാങ്ക് ലോണ്‍, കോടതിപിഴ ഒഴികെ രണ്ട് ലക്ഷം രൂപ വരെയുള്ള കേസുകളില്‍ ബന്ധപ്പെട്ട കക്ഷികള്‍ കളക്ടറേറ്റില്‍ സമീപിച്ചാല്‍ തുക തവണകളായി അടച്ചുതീര്‍ക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്താനും യോഗത്തില്‍ തീരുമാനമായി.