കാണാതായ യുവാവിന്റെ കൊലപാതകം കൃത്യത്തില്‍ കൂടുതല്‍ പേര്? അന്വേഷണസംഘം ഗോവയില്‍
1336906
Wednesday, September 20, 2023 5:56 AM IST
കൊച്ചി: തേവര പെരുമാനൂരില്‍നിന്ന് കാണാതായ ജെഫ് ജോണ്‍ ലൂയീസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് തെരയുന്ന രണ്ടുപേര്‍ക്കായി അന്വേഷണം ഗോവയിലേക്കും വ്യാപിപ്പിച്ചു. ഇതിന്റെ ഭാഗമായി അന്വേഷണസംഘം കസ്റ്റഡിയിലുള്ള പ്രതികളുമായി ഇന്നലെ ഗോവയ്ക്ക് തിരിച്ചു.
ഇന്ന് ഗോവയിലെത്തുന്ന സംഘം തെളിവെടുപ്പടക്കമുള്ള നടപടികള്‍ക്കു പുറമേ കേസുമായി ബന്ധപ്പെട്ട മറ്റ് വ്യക്തികളുടെ വിവരങ്ങളും തേടും. കേസില്‍ രണ്ട് മലയാളികള്‍ക്കു കൂടി പങ്കുള്ളതായാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം.
ഇതിന്റെ അടിസ്ഥാനത്തില്‍ കൊല്ലപ്പെട്ട ജെഫിന്റെ ഗോവയിലെ സൗഹൃദങ്ങളടക്കം പരിശോധിക്കുന്ന പോലീസ് ജെഫിന്റെ ഇതരസംസ്ഥാന ബന്ധവും അന്വേഷിക്കും. പ്രതി അനിലും ജെഫും ഒരേ ഫോണ്‍ ആണ് ഉപയോഗിച്ചിരുന്നതെന്ന സംശത്തിലാണ് അന്വേഷണസംഘം. ഇത് ഉറപ്പുവരുത്തുന്നതിനുള്ള നീക്കത്തിലാണ് പോലീസ്. ലഹരി ഉപയോഗിച്ചിരുന്ന ജെഫിന്റെ ഗോവയിലെ ഇത്തരം ബന്ധങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.
2021 നവംബര്‍, ഡിസംബര്‍ കാലയളവില്‍ ഗോവയില്‍ നടന്ന അസ്വാഭാവികമരണങ്ങളെക്കുറിച്ച് ഗോവന്‍ പോലീസിന്റെ സഹകരണത്തോടെ പോലീസ് വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്.
ലഹരിക്കേസില്‍ പിടിയിലായ ഒരു പ്രതിയുടെ വെളിപ്പെടുത്തലാണ് ജെഫിന്റെ തിരോധനക്കേസിലെ ചുരുളഴിച്ചത്.
കേസിൽ കോട്ടയം വെള്ളൂര്‍ കല്ലുവേലില്‍ വീട്ടില്‍ അനില്‍ ചക്കോ (28), ഇയാളുടെ പിതൃസഹോദരന്റെ മകന് സ്റ്റൈഫിന്‍ തോമസ് (24), വയനാട് വൈത്തിരി പാരാലിക്കുന്ന് വീട്ടില്‍ ടി.വി വിഷ്ണു (25) എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്.