യുവതിയെ ശല്യപ്പെടുത്തിയ മൂന്ന് യുവാക്കൾ അറസ്റ്റിൽ
1336896
Wednesday, September 20, 2023 5:56 AM IST
കളമശേരി: സ്കൂട്ടറില്‍ സഞ്ചരിച്ചിരുന്ന യുവതിയെ ബൈക്കില്‍ പിന്തുടര്ന്ന് ശല്യപ്പെടുത്തിയ കേസില്‍ മൂന്ന് യുവാക്കളെ കളമശേരി പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ സ്വദേശികളായ കോടശേരി ചെമ്പകശേരി വീട്ടില്‍ എബിന് ലോയ്ഡ് (20), കോടശേരി മേട്ടിപ്പാടം കടംബോടന് വീട്ടില്‍ കെ.എസ്. അനന്ദു കൃഷ്ണന് (20), കൊരട്ടി മുരിങ്ങൂര്‍ പുളിക്കല്‍ വീട്ടില്‍ സുജിത്ത് ശങ്കര്‍ (18) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. തിങ്കളാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന ആലുവ സ്വദേശിനിയായ യുവതിയെ ബൈക്കിലെത്തിയ മൂന്ന് ചെറുപ്പക്കാർ ഇടപ്പള്ളി മുതൽ പിന്തുടർന്ന് കമന്റടിക്കുകയും കൈകൾകൊണ്ട് മോശപ്പെട്ട ആംഗ്യങ്ങൾ കാണിക്കുകയും ശല്യപ്പെടുത്തുകയും ചെയ്തു. രക്ഷപ്പെടുന്നതിനായി വേഗംകൂട്ടി പോകാൻ ശ്രമിക്കവേ ബൈക്കിലെത്തിയവർ വീണ്ടും പിന്നാലെയെത്തി യുവതിയെ ഭയപ്പെടുത്തി.
പേടിച്ചു വാഹനം ഓടിച്ച യുവതി നിയന്ത്രണംതെറ്റി റോഡിൽ വീണു പരിക്കേറ്റു. യുവാക്കള്‍ ഓടിച്ചിരുന്ന ബൈക്കിന്റെ നമ്പർ ഇതിനോടകം നോട്ട് ചെയ്തിരുന്നു. തുടര്‍ന്ന് യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റർ ചെയ്ത കളമശേരി പോലീസ് ഇൻസ്പെക്ടർ വിബിൻ ദാസിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ അരുൺ കുമാർ, അനിൽ കുമാർ, ശ്രീജിത്ത്, ഷിബു എന്നിവർ ചേർന്ന് പ്രതികളെ ചാലക്കുടി ഭാഗത്തുനിന്ന് അറസ്റ്റ് ചെയ്തു. കോടതി പ്രതികളെ റിമാൻഡ് ചെയ്തു.