ആലുവ നഗരസഭയിലെ ലിഫ്റ്റ് ഉദ്ഘാടനം: ആദ്യ യാത്രയിൽ കുടുങ്ങി കൗൺസിലർമാർ
1336657
Tuesday, September 19, 2023 5:19 AM IST
ആലുവ: ആലുവ നഗരസഭയിൽ ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി സ്ഥാപിച്ച ലിഫ്റ്റ് ഉദ്ഘാടനത്തിൽ തന്നെ പണിമുടക്കി. നാടമുറിച്ചു ഉദ്ഘാടനം ചെയ്തതിനു ശേഷം ഉദ്ഘാടകനും കൗൺസിലർമാരും മുകളിലേക്ക് ആദ്യയാത്ര നടത്തിയ ലിഫ്റ്റ് ഒന്നാംനില കഴിഞ്ഞപ്പോൾ പൊടുന്നനെ നിൽക്കുകയായിരുന്നു. പിന്നീട് ടെക്നീഷ്യന്മാർ എത്തി വാതിൽ പുറത്തുനിന്നു തുറന്നാണ് ലിഫ്റ്റിൽ കുടുങ്ങിയവരെ ചാടിച്ച് പുറത്തെത്തിച്ചത്.
നഗരസഭ ചെയർമാൻ എം.ഒ. ജോൺ നാട മുറിച്ച് ഉദ്ഘാടനം ചെയ്ത ശേഷമാണ് ലിഫ്റ്റ് പ്രവർത്തിപ്പിച്ചത്. ഒന്നാം നിലയുടെ തറയിൽനിന്ന് അടുത്ത നിലയിലേക്ക് പോകാതെ ഒരടിയോളം ഉയരത്തിലായാണ് നിന്നു പോയത്. ഉടനെ ലിഫ്റ്റിന്റെ അകത്തേക്ക് കാണാവുന്ന ചില്ല് വാതിൽ പുറത്തുനിന്ന് തുറന്ന് ലിഫ്റ്റിൽ കയറിയ ഏഴു പേരെയും രക്ഷിക്കുകയായിരുന്നു.
അതേ സമയം അനുവദനീയമായതിൽ കൂടുതൽ ഭാരം കയറിയതാണ് ലിഫ്റ്റ് കേടാകാൻ കാരണമെന്ന് ലിഫ്റ്റ് സ്ഥാപിച്ച കമ്പനിയുടെ ടെക്നീഷ്യൻമാർ പറഞ്ഞു. എന്നാൽ എട്ടുപേർക്ക് കയറാമെന്ന് എഴുതി വച്ചിട്ടുള്ള ലിഫ്റ്റിൽ ഏഴുപേർ എങ്ങിനെ അമിത ഭാരമാകുമെന്ന് കൗൺസിലർമാർ തിരികെചോദിച്ചു. ഗുണനിലവാരമില്ലാത്ത ലിഫ്റ്റ് സ്ഥാപിച്ചെന്നാരോപിച്ച് ബിജെപി കൗൺസിലർമാർ ലിഫ്റ്റിനു മുന്നിൽ റീത്തുവച്ച് പ്രതിഷേധിച്ചു.