അപാകതകൾ പരിഹരിക്കും: മന്ത്രി റിയാസ്
1300447
Tuesday, June 6, 2023 12:12 AM IST
മൂവാറ്റുപുഴ: മൂവാറ്റുപുഴ-തേനി അന്തർ സംസ്ഥാന പാതയിൽ ചാലിക്കടവ് പാലം അപ്രോച്ച് റോഡ് പുനർനിർമാണത്തിനെതിരെ ഉയർന്ന പരാതികൾ പരിഹരിക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് സർവകക്ഷി നിവേദക സംഘത്തിന് ഉറപ്പ് നൽകി. മാത്യു കുഴൽനാടൻ എംഎൽഎയുടെ നേതൃത്വത്തിൽ രണ്ടാർ - കിഴക്കേക്കര വികസന സംരക്ഷണ സമിതി നൽകിയ നിവേദനം സ്വീകരിച്ചാണ് മന്ത്രിയുടെ ഉറപ്പ്.
ഇതിനായി നിർമാണ ചുമതലയുള്ള കെഎസ്ടിപിയുടെ ഉന്നതതല യോഗം അടിയന്തരമായി ചേർന്ന് പ്രശ്ന പരിഹാരം ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു. എംഎൽഎയോടൊപ്പം സമിതി നേതാക്കളായ കെ.എം. അബദുൽ മജീദ്, അജി മുണ്ടാട്ട്, കെ.യു. പ്രസാദ്, കെ.എ. അബ്ദുൽ സലാം, എൻ.പി. ജയൻ എന്നിവരും മന്ത്രിയുമായുള്ള ചർച്ചയിൽ പങ്കെടുത്തു.