മുഖ്യമന്ത്രിക്കുമുന്നിൽ ചോദ്യശരങ്ങൾ; ജില്ലയിലെ ഭൂ പ്രശ്നം സർക്കാരിനെ തിരിഞ്ഞുകൊത്തുന്നു
1545903
Sunday, April 27, 2025 6:08 AM IST
തൊടുപുഴ: നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ജില്ലയിലെ ഭൂ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലെ മെല്ലപ്പോക്ക് സർക്കാരിനെ തിരിഞ്ഞുകൊത്തുന്നു. അടുത്തു നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ഇനിയും പരിഹരിക്കപ്പെടാത്ത ഭൂ പ്രശ്നങ്ങളും കർഷകരുടെ ഭൂമി വനമാക്കി മാറ്റാനുള്ള നിഗൂഢ ശ്രമങ്ങളുമാകും എൽഡിഎഫിനെതിരേ പ്രതിപക്ഷം ഉന്നയിക്കുന്ന കുന്തമുന. സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ നെടുങ്കണ്ടത്ത് എത്തുന്പോൾ ഇക്കാര്യത്തിൽ എന്തുമറുപടി നൽകുമെന്ന് ഇടുക്കിയിലെ കുടിയേറ്റ ജനത ഉറ്റുനോക്കുകയാണ്.
ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് അനുകൂല നടപടിയുണ്ടായില്ലെങ്കിൽ പ്രതിഷേധക്കൊടുങ്കാറ്റാകും സർക്കാരിന് അഭിമുഖീകരിക്കേണ്ടിവരിക. തൊമ്മൻകുത്ത് സെന്റ് തോമസ് പള്ളിയുടെ നേതൃത്വത്തിൽ നാരങ്ങാനത്തെ കൈവശഭൂമിയിൽ സ്ഥാപിച്ച കുരിശ് വനംവകുപ്പ് തകർത്തതോടെയാണ് ജനങ്ങളുടെ പട്ടയ-കൈവശഭൂമികൾ വനമാക്കി മാറ്റാൻ വനംവകുപ്പ് അധികൃതർ തയാറാക്കിയ രഹസ്യ അജണ്ടയുടെ ചുരുൾ അഴിഞ്ഞുവീണത്.
കുരിശ് തകർത്ത സംഭവത്തിൽ വിശ്വാസി സമൂഹത്തിനിടയിലുണ്ടായ മുറിവുണക്കാൻ നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നതിൽ സംശയമില്ല. കുരിശ് സ്ഥാപിച്ച സ്ഥലം കൈവശഭൂമിയാണോ അതോ വനഭൂമിയാണോ എന്നതു സംബന്ധിച്ച് സംശയം ഉയർന്നിരുന്നു. എന്നാൽ സ്ഥലത്തിന്റെ നിജസ്ഥിതി സംബന്ധിച്ച് വണ്ണപ്പുറം വില്ലേജ് ഓഫീസറോട് വനംവകുപ്പ് റിപ്പോർട്ട് തേടിയപ്പോൾ ഈ സ്ഥലം ഉൾപ്പെടെ പഞ്ചായത്തിലെ 4005 ഏക്കർ വനഭൂമിയാണെന്ന് റിപ്പോർട്ട് നൽകിയതോടെ വനംവകുപ്പിന്റെ രഹസ്യഅജണ്ടയുടെ മുഖംമൂടി അഴിഞ്ഞുവീഴുകയായിരുന്നു. ഈ സ്ഥലംസംബന്ധിച്ചുള്ള വിശദാംശങ്ങൾ ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി രേഖകൾ സഹിതം പത്രസമ്മേളനം നടത്തി പുറത്തുവിട്ടതോടെ സിപിഎമ്മും സർക്കാരും കൂടുതൽ പ്രതിരോധത്തിലായി.
ഇതേത്തുടർന്നു സിപിഎം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് കഴിഞ്ഞ ദിവസം സംഭവസ്ഥലം സന്ദർശിക്കുകയും വർഷങ്ങളായി ഇവിടെയുണ്ടായിരുന്ന തെങ്ങ് വെട്ടിമാറ്റിയാണ് കുരിശ് സ്ഥാപിച്ചതെന്നും ഈ പ്രദേശം വനഭൂമിയല്ലെന്നും വില്ലേജ് ഓഫീസർ തെറ്റായ വിവരം നൽകിയത് പൂർണമായി തള്ളിക്കളയുകയും ചെയ്തു.
ഇല്ലാത്ത അധികാരം ഉപയോഗിച്ച് വില്ലേജ് ഓഫീസർ റിപ്പോർട്ട് നൽകുകയായിരുന്നുവെന്നും റവന്യു രേഖകൾ സംബന്ധിച്ച് ഉത്തരവ് നൽകേണ്ടത് ജില്ലാ കളക്ടറാണെന്നും പറഞ്ഞതോടെ ഉദ്യോഗസ്ഥർ കുരുക്കിലാകുന്ന സ്ഥിതിയാണ്. ഇതിനു പുറമേ വണ്ണപ്പുറം വില്ലേജ് ഓഫീസിനു മുന്പിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ മേയ് എട്ടിന് പ്രതിഷേധം സംഘടിപ്പിക്കുമെന്നും നാളെ ജില്ലയിലെത്തുന്ന മുഖ്യമന്ത്രിയ യഥാർഥ വിവരങ്ങൾ ധരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തൊമ്മൻകുത്ത് പള്ളിവികാരി ഫാ. ജയിംസ് ഐക്കരമറ്റത്തെ സന്ദർശിച്ച് വിവരങ്ങൾ ആരായുകയും ചെയ്തു. ജില്ലയിൽ പലയിടത്തും വനംവകുപ്പും കർഷകരുമായി സംഘർഷം നിലനിൽക്കുന്ന സ്ഥിതിയാണുള്ളത്.
ജില്ലയിലെ ഭൂ പ്രശ്നം പരിഹരിക്കുന്നതിനായി ഭൂപതിവ് ഭേദഗതി നിയമസഭയിൽ പാസാക്കിയെങ്കിലും ഇതിനുള്ള ചട്ടങ്ങൾ രൂപീകരിച്ച് ജില്ലയിലെ ജനങ്ങളെ പ്രതിസന്ധിയിൽനിന്നു കരകയറ്റുന്നതിനുള്ള നീക്കങ്ങൾ സർക്കാർ ഇതുവരെയും സ്വീകരിക്കാത്തതാണ് പ്രശ്നം സങ്കീർണമാക്കുന്നത്.
ജോയിന്റ് വേരിഫിക്കേഷൻ നടത്തിയപ്പോൾ വിട്ടുപോയ സ്ഥലങ്ങളിലും വേരിഫിക്കേഷൻ നടത്തുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്നും വനംവകുപ്പിന്റെ ജണ്ടയ്ക്കു പുറത്തുള്ള സ്ഥലത്തിനുമേൽ അവർ ഉന്നയിക്കുന്ന നിരർഥകമായ അവകാശ വാദങ്ങൾക്ക് അറുതിവരുത്താനുള്ള രാഷ്ട്രീയ ഇച്ഛാശക്തി സർക്കാർ കാണിക്കണമെന്നുമാണ് ജില്ലയിലെ ജനങ്ങൾ ഒന്നടങ്കം ആവശ്യപ്പെടുന്നത്.
മുഖ്യമന്ത്രിക്ക് ഭീമഹർജിയുമായി വണ്ണപ്പുറത്തെ കർഷകർ
തൊടുപുഴ: വണ്ണപ്പുറം പഞ്ചായത്തിലെ കർഷകർ തങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് നാളെ ജില്ലയിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഭീമഹർജി നൽകും.
വനംവകുപ്പ് ജണ്ടയിട്ടു തിരിച്ച വനാതിർത്തിയിൽനിന്ന് ഒരു കിലോമീറ്ററോളം അകലെ കർഷകരുടെ കൈവശഭൂമിയിൽ നട്ടുപിടിപ്പിച്ച ഫലവൃക്ഷങ്ങൾ വെട്ടിവിൽക്കുന്നതിനും പുനർകൃഷി നടത്തുന്നതിനും സർക്കാർ സഹായത്തോടെ വീട് നിർമിക്കുന്നതിനും ആരാധനാലയങ്ങൾ നിർമിക്കുന്നതിനും കാളിയാർ ഫോറസ്റ്റ് റേഞ്ച് ഓഫീസറും സംഘവും നിരന്തരം തടസം സൃഷ്ടിക്കുന്നതിനു പരിഹാരം വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.
വണ്ണപ്പുറം വില്ലേജ് ഓഫീസറെ സ്വാധീനിച്ച് പഞ്ചായത്ത് മുഴുവനും റിസർവ് വനമാക്കി മാറ്റാനുള്ള നീക്കം അവസാനിപ്പിക്കണം. 1977-നു മുന്പ് കർഷകരുടെ കൈവശത്തിലുള്ള മുഴുവൻഭൂമിക്കും പട്ടയം ലഭിക്കുന്നതിനായി ജോയിന്റ് വേരിഫിക്കേഷൻ നടത്താത്ത സ്ഥലങ്ങളിൽ വേരിഫിക്കേഷൻ പുനരാരംഭിക്കണം.
വനാതിർത്തിക്കു പുറത്ത് സ്ഥിതി ചെയ്യുന്ന കൃഷിഭൂമിയിൽവനംവകുപ്പ് വ്യാജമായി അവകാശം ഉന്നയിക്കുന്നതും സർക്കാർ ഉത്തരവുകളിൽ കൃത്രിമംകാണിച്ച് രേഖ ചമച്ച് കോടതികളെ തെറ്റിധരിപ്പിക്കുന്നതിലൂടെ കർഷകർ ദുരിതം അനുഭവിക്കുന്ന സ്ഥിതിയാണുള്ളത്.
1960-ലെ കേരള ഗവ.ലാൻഡ് അസൈൻമെന്റ് ആക്ടും 1964, 1993 വർഷങ്ങളിലെ ലാൻഡ് അസൈൻമെന്റ് ചട്ടങ്ങളും പ്രകാരം കർഷകർക്കുള്ള പട്ടയ അവകാശം എത്രയും വേഗം പുനഃസ്ഥാപിക്കണം.
തൊമ്മൻകുത്ത് ഇടവകയുടെ കീഴിൽ നാരങ്ങാനത്ത് കൈവശഭൂമിയിൽ സ്ഥാപിച്ചിരുന്ന കുരിശ് കാളിയാർ റേഞ്ച് ഓഫീസറും സംഘവും ചേർന്ന് ജെസിബി ഉപയോഗിച്ച് നശിപ്പിക്കുകയും കടത്തിക്കൊണ്ടുപോകുകയും ചെയ്ത സംഭവത്തിൽ കർശന നടപടിയുണ്ടാകണം. കാളിയാർ റേഞ്ച് ഓഫീസറുടെ അപേക്ഷയിൽ വണ്ണപ്പുറം വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തി നൽകിയ ഫോറസ്റ്റ് സ്റ്റാറ്റസ് സർട്ടിഫിക്കറ്റിൽ പഞ്ചായത്തിലെ 4005 ഏക്കർ സ്ഥലം വനഭൂമിയാണെന്ന് റിപ്പോർട്ട് നൽകിയതിനു പിന്നിലുള്ള ഗൂഡാലോചന അന്വേഷിച്ച് തിരുത്തൽ നടപടി സ്വീകരിക്കണം.
വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരേ കർശനനടപടി സ്വീകരിക്കണം. വനം-റവന്യു വകുപ്പുകളുടെ അന്യായമായ നടപടികളും നിർമാണനിരോധനവും മൂലം കുടിയേറ്റ കർഷകർക്ക് വീട്, തൊഴുത്ത് എന്നിവ നിർമിക്കാനും വൈദ്യുതി കണക്ഷൻ എടുക്കാനും പുനഃകൃഷി നടത്താനും ഫലവൃക്ഷങ്ങൾ വെട്ടിനീക്കാനുമുള്ള തടസങ്ങൾ നീക്കാനും നടപടിയുണ്ടാകണം. തുടങ്ങിയ ആവശ്യങ്ങളാണ് ജനങ്ങൾ മുഖ്യമന്ത്രിക്കുമുന്നിൽ ഉന്നയിക്കുന്നത്.