ഫണ്ടില്ല പിഎംഎവൈ പദ്ധതി അവതാളത്തിൽ
1545442
Friday, April 25, 2025 11:53 PM IST
ഉപ്പുതറ: ഫണ്ടില്ലാത്തതിനാൽ പിഎംഎവൈ പദ്ധതിയിൽ വീട് നിർമിക്കാനാകാതെ ത്രിതലപഞ്ചായത്തുകൾപ്രതിസന്ധിയിൽ. സംസ്ഥാനത്ത് ഭവനരഹിതരായ 1,946 97 പേരാണ് പിഎംഎവൈ പദ്ധതിയിൽ
വീടിന് അപേക്ഷ നൽകിയത്. ഇതിൽ 60,550 എണ്ണം സർക്കാരിന്റെ പദ്ധതി രേഖയിൽ രജിസ്റ്ററായി. ജിയോ ടാഗ് വഴി 38, 160 വീടിന് അനുമതി നൽകി. പണം കിട്ടുമെന്ന പ്രതീക്ഷയിൽ പദ്ധതിയിൽ ഉൾപ്പെട്ടവർ ഉണ്ടായിരുന്ന വീട് പൊളിച്ച് പണി തുടങ്ങി. പലരും മൂന്നാം ഘട്ടം വരെ പൂർത്തിയാക്കി. എന്നാൽ ഫണ്ടിനു വേണ്ടി കാത്തിരിക്കുകയാണിവർ. ഒന്നാം ഗഡു 23740 പേർക്കും , രണ്ടാം ഗഡു 1342. പേർക്കും മൂന്നാം ഗഡു ലഭിച്ചത് 11 പേർക്ക് മാത്രമാണ് കിട്ടിയത്.
നാലാം ഗഡു ആർക്കും കിട്ടിയില്ല. ആകെ നാല് ലക്ഷം രൂപയാണ് ഗുണ ഭോക്താക്കൾക്ക് ലഭിക്കേണ്ടത്.
2022-23 സാമ്പത്തിക വർഷത്തെ കണക്കാണിത്. കേന്ദ്ര പദ്ധതി പ്രകാരം ഒരു വീടിന് നാല് ലക്ഷം രൂപയാണ് ഓരോ ഗുണഭോക്താവിനും സർക്കാർ നൽകുന്നത്. ഇതിൽ കേന്ദ്ര വിഹിതം
72,000 രൂപയാണ്. സംസ്ഥാനം 1.2 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് 98,000 രൂപയും ബ്ലോക്ക് പഞ്ചായത്ത് 1.12 ലക്ഷം രൂപയും ഗ്രാമ പഞ്ചായത്ത് 70,000 രൂപയും നൽകണം. ത്രിതല പഞ്ചായത്തുകൾ ഈ ഫണ്ട് കണ്ടെത്തി വീടിന്റെ ഘട്ടങ്ങൾ പൂർത്തിയാക്കണം. നിർമിച്ച വീടുകളുടെ കണക്ക് നൽകിയാൽ മാത്രമേ കേന്ദ്ര സർക്കാർ വിഹിതം നൽകുകയുള്ളു. സംസ്ഥാന സർക്കാരിന്റെ വിഹിതവും കൃത്യമായി കിട്ടുന്നില്ലന്നും പരാതിയുണ്ട്.
ത്രിതല പഞ്ചായത്തുകൾക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്. അംഗീകരിച്ച പട്ടിക അനുസരിച്ച് വാർഷിക പദ്ധതിയേക്കാൾ കൂടുതൽ പണം പിഎംഎവൈക്ക് വേണ്ടി ചെലവിടേണ്ട ഗതികേടിലാണ് പഞ്ചായത്തുകൾ ലൈഫ് പദ്ധതിക്കുവേണ്ടി സംസ്ഥാന സർക്കാരിന്റെ അനുമതിയോടെ ഹഡ്കോയിൽ നിന്ന് വായ്പ എടുത്തിരിക്കുകയാണ് പല പഞ്ചായത്തുകളും. പിഎംഎവൈക്ക് കൂടി വായ്പ എടുക്കാൻ കഴിയുന്നില്ല.
വായ്പ തിരിച്ചടയ്ക്കാൻ തന്നെ വാർഷിക പദ്ധതിയിൽ നല്ലൊരു ശതമാനം തുക നീക്കിവയ്ക്കേണ്ടി വരുന്നുണ്ട്. ഇതുകാരണം പിഎംജിഎസ്വൈ വീടുകൾക്ക് പുതിയതായി ഫണ്ട് നൽകാനോ അനുവദിച്ചത് പൂർത്തിയാക്കാനോ കഴിയുന്നില്ല. പദ്ധതിയിലേക്ക് പുതിയ അപേക്ഷകൾ സ്വീകരിക്കാനും നിർദ്ദേശമുണ്ട്. ഗുണഭോക്തൃ പട്ടികയിൽ പേരു വന്ന നൂറുകണക്കിനാളുകളാണ് ഉണ്ടായിരുന്ന വീട് പൊളിച്ചത്. ഒന്നും , രണ്ടും മൂന്നും ഘട്ടങ്ങൾ പൂർത്തിയാക്കിയെങ്കിലും ഫണ്ട് കിട്ടാത്തതെ വിഷമിക്കുകയാണ് ഇവരെല്ലാം ഒരോ ദവസവും ത്രിതല പഞ്ചായത്തുകളുടെ ഓഫീസുകൾ കയറിയിറങ്ങുകയാണ്.മറുപടി നൽകാൻ കഴിയാതെ ജനപ്രതിനിധികളും, ജീവനക്കാരും ബുദ്ധിമുട്ടുകയാണ്.