കാക്കിയുടെ ബലത്തിൽ ഗുണ്ടായിസം ; ഓടുന്ന ഓട്ടോറിക്ഷയിൽനിന്ന് ഡ്രൈവറെ വലിച്ച് നിലത്തിട്ടു
1545892
Sunday, April 27, 2025 6:08 AM IST
കുമളി: തേക്കടി ചെക്ക്പോപോസ്റ്റിന് സമീപം ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽനിന്നു ഓട്ടോ ഡ്രൈവറെ വനംജീവനക്കാരൻ റോഡിലേക്ക് വലിച്ചിട്ടു. ഡ്രൈവർ ഇല്ലാതെ നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോ സമീപത്തെ കടയിലേക്ക് ഇടിച്ചു കയറി.
റോഡിലേക്ക് വീണ ഓട്ടോഡ്രൈവർ കുമളി താമരക്കണ്ടം സ്വദേശി ജയചന്ദ്രന് (58) പരിക്കേറ്റു. ബീറ്റ് ഫോറസ്റ്റ് ഓഫീസർ പി.എം. സക്കീർ ഹുസൈനാണ് കാക്കിയുടെ ബലത്തിൽ ഗുണ്ടാപ്പണി നടത്തിയത്. ചെക് പോസ്റ്റിൽ വെള്ളിയാഴ്ച വൈകുന്നരം നാലോടെയാണ് സംഭവം. ഓട്ടോ നിയന്ത്രണം നഷ്ടപ്പെട്ട് പാഞ്ഞ് വരുന്നത് കണ്ട് കടയുടെ മുന്നിലുണ്ടായിരുന്നവരും കടയ്ക്കുള്ളിലുണ്ടായിരുന്നവരും പെട്ടെന്ന് മാറിയതിനാൽ വൻ അപകടം ഒഴിവായി. ഓട്ടോയിലെ യാത്രക്കാരും രക്ഷപ്പെട്ടു.
സമീപത്തെ കടകളിൽനിന്നുള്ള സിസിടിവി ദൃശ്യങ്ങളിൽ വനം ജീവനക്കാരന്റെ ആക്രമണം വ്യക്തമായി പതിഞ്ഞിട്ടുണ്ട്. തുറന്നുവച്ചിരുന്ന ചെക്ക് പോസ്റ്റിൽ ഓട്ടോ നിർത്തിയില്ലെന്നാണ് വനംജീവനക്കാരന്റെ ഗുണ്ടായിസത്തിനുള്ള ന്യായം. ഗുരുതര കുറ്റമായിട്ടും വനംവകുപ്പിന് കുലുക്കമില്ല. ഓട്ടോ ഡ്രൈവർ ജയചന്ദ്രൻ നൽകിയ പരാതിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥനെതിരേ പോലീസ് കേസെടുത്തു.
ജോലി തടസപ്പെടുത്താൻ ശ്രമിച്ചെന്ന സർക്കാർ ഉദ്യോഗസ്ഥരുടെ പതിവുപരാതി പ്രകാരം ഓട്ടോഡ്രൈവർക്കെതിരേ വനംവകുപ്പും പോലീസിൽ പരാതി നൽകി. ഓട്ടോ ഡ്രൈവർ മദ്യപിച്ചിരുന്നതായും വനംജീവനക്കാരൻ ആരോപിക്കുന്നു. എന്നാൽ ഓട്ടോഡ്രൈവർ മദ്യപിച്ചിരുന്നതായി എങ്ങനെ കണ്ടുപിടിച്ചുവെന്ന് വനം ഉദ്യോഗസ്ഥർക്ക് തന്നെ തിട്ടമില്ല.