മുഖ്യമന്ത്രി ജില്ലയിലെ ജനങ്ങളോട് മാപ്പു പറയണം: യുഡിഎഫ്
1545902
Sunday, April 27, 2025 6:08 AM IST
നെടുങ്കണ്ടം: പത്താം വര്‍ഷത്തിലേക്ക് കടക്കുന്ന പിണറായി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിവരിക്കാന്‍ 28ന് നെടുങ്കണ്ടത്ത് എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് യഥാര്‍ത്ഥത്തില്‍ ഇടുക്കി ജില്ലയിലെ ജനങ്ങളോട് മാപ്പ് പറയുകയാണ് വേണ്ടതെന്ന് യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ഒമ്പത് വര്‍ഷം കൊണ്ട് ഈ സര്‍ക്കാര്‍ ഇടുക്കിക്കാരെ ദ്രോഹിച്ചതുപോലെ മറ്റാരും ദ്രോഹിച്ചിട്ടില്ല. മുപ്പതില്‍ അധികം കരിനിയമങ്ങളാണ് ഇടുക്കിക്കുമേല്‍ അടിച്ചേല്‍പ്പിച്ചത്.
2019ല്‍ ജില്ലയില്‍ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ നിര്‍മാണ നിരോധനം ഇപ്പോഴും തുടരുകയാണ്. മറ്റ് ജില്ലകളില്‍ ഷോപ്പിംഗ് കോംപ്ലക്സുകള്‍, ബഹുനില മന്ദിരങ്ങള്‍, തീയേറ്ററുകള്‍, ആശുപത്രി സമുച്ചയം, സ്കൂള്‍-കോളജ് സമുച്ചയങ്ങള്‍ എന്നിവ ഉയരുമ്പോള്‍ ഇടുക്കിയില്‍ ഒരു പെട്ടിക്കട തുടങ്ങാന്‍ പോലും അനുമതി ലഭിക്കാത്ത സാഹചര്യമാണ്.
ഉടുമ്പന്‍ചോല മുതല്‍ മറയൂര്‍ വരെ 13 പഞ്ചായത്തുകളില്‍ കളക്ടറുടെ അനുമതിയില്ലാതെ കാലിത്തൊഴുത്തുപോലും നിര്‍മിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. സിഎച്ച്ആറിനെ വനഭൂമി ആക്കി മാറ്റാന്‍ ഒളിഞ്ഞും തെളിഞ്ഞും ശ്രമം നടക്കുന്നു. സിഎച്ച്ആറിന്റെ വിസ്തൃതി എത്ര എന്നുപോലും കണക്കില്ലാത്ത സര്‍ക്കാരാണ് ഇത്. വന്യജീവി ആക്രമണത്തില്‍ ജനം പൊറുതിമുട്ടുമ്പോള്‍ പുതുതായി അഞ്ച് പ്രദേശങ്ങള്‍ റിസര്‍വ് വനമായി പ്രഖ്യാപിച്ചു.
സംസ്ഥാന രൂപീകരണത്തിന് മുമ്പ് മുതല്‍ കര്‍ഷകര്‍ കുടിയേറിപാര്‍ക്കുന്ന തൊമ്മന്‍കുത്ത്, വണ്ണപ്പുറം പ്രദേശങ്ങളില്‍ 4,005 ഏക്കര്‍ വനഭൂമിയാണെന്ന് വില്ലേജ് ഓഫീസര്‍ റിപ്പോര്‍ട്ട് കൊടുത്തു. 60 വര്‍ഷമായി കൈവശത്തില്‍ ഇരിക്കുന്ന ഭൂമിയില്‍ സ്ഥാപിച്ച കുരിശ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറിച്ചു മാറ്റുന്നതും കാണേണ്ടിവന്നു.
സിഎച്ച്ആറിലെ പട്ടയ വിതരണവും സമ്പൂര്‍ണമായി നിലച്ചു. ജലവിഭവ വകുപ്പിന്റെ ഡാം, തടാകം, കുളങ്ങള്‍, വാട്ടര്‍ ടാങ്ക് എന്നിവയ്ക്ക് ചുറ്റും 20 മീറ്റര്‍ ബഫര്‍ സോണ്‍ പ്രഖ്യാപിക്കുകയും ചെയ്തു. ആരോഗ്യമേഖലയിലെ തകര്‍ച്ചയ്ക്കൊപ്പം ഇടുക്കി മെഡിക്കല്‍ കോളജ് ഇപ്പോഴും ശൈശവാവസ്ഥയിലാണ്. നെടുങ്കണ്ടം താലൂക്ക് ആശുപത്രി കെട്ടിടനിര്‍മാണം പൂര്‍ണമായും നിലയ്ക്കുകയും ചെയ്തു.
ഇങ്ങനെ കഴിഞ്ഞ ഒമ്പത് വര്‍ഷംകൊണ്ട് ഇടുക്കി ജില്ലയുടെ വികസനം പൂര്‍ണമായും ഇല്ലാതാക്കി മാറ്റിയവരാണ് ഇപ്പോള്‍ വികസനനേട്ടത്തെക്കുറിച്ച പറയാന്‍ നെടുങ്കണ്ടത്ത് എത്തുന്നത്. പിണറായി സര്‍ക്കാരിന്റെ വികസനമേനി പറച്ചിൽ ജില്ലയിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും നേതാക്കളായ അഡ്വ. സേനാപതി വേണു, പി.എസ്. യൂനുസ്, എം.എസ്. മഹേശ്വരന്, രാജേഷ് അമ്പഴത്തിങ്കല്‍ എന്നിവര്‍ പറഞ്ഞു.