ഫ്രാൻസിസ് പാപ്പായുടെ നാണയശേഖരങ്ങൾക്കു മുന്നിൽ സ്നേഹപ്രണാമവുമായി ജോജോ
1545437
Friday, April 25, 2025 11:53 PM IST
മൂലമറ്റം: തിരുസഭയിലെ ആദ്യത്തെ മാർപാപ്പയായ വിശുദ്ധ പത്രോസ് മുതൽ കഴിഞ്ഞദിവസം കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പവരെയുള്ളവരുടെ സ്റ്റാന്പുകൾ, ചിത്രങ്ങൾ ആലേഖനം ചെയ്ത നാണയങ്ങൾ, മെഡലുകൾ എന്നിവയുടെ അപൂർവ ശേഖരവുമായി അറക്കുളം പ്ലാക്കൂട്ടത്തിൽ ജോജോ പി. കുര്യാക്കോസ്.
ഫ്രാൻസിസ് പാപ്പായുടെ പേരിൽ 2015-ൽ വത്തിക്കാൻ പുറത്തിറക്കിയ ഒന്പതുനാണയങ്ങളുടെ സെറ്റ്, 2013-ൽ വത്തിക്കാൻ ഇറക്കിയ പാപ്പായുടെ കോപ്പർമെഡൽ, സ്റ്റാന്പും നാണയവും അടങ്ങിയ കാർഡ്, ബ്രിട്ടൻ ഇറക്കിയ ഫ്രാൻസിസ് മാർപാപ്പായുടെ കോയിൻ കവർ, ആഫ്രിക്കൻ രാജ്യമായ പലാവു പുറത്തിറക്കിയ ചരിത്രസമ്മേളനം എന്ന്ആലേഖനം ചെയ്ത പോപ്പ് ബനഡിക്ട് പതിനാറാമന്റെയും ഫ്രാൻസിസ് മാർപാപ്പയുടെയും ചിത്രം അടങ്ങിയ നാണയങ്ങൾ, പീയൂസ് 11-ാമൻ മാർപാപ്പ തുടങ്ങി ഫ്രാൻസിസ് മാർപാപ്പ വരെയുള്ള എട്ട് പാപ്പാമാരുടെ ചിത്രങ്ങൾ അടങ്ങിയ വത്തിക്കാൻ സിറ്റിയുടെ 80 വർഷം എന്ന പേരിൽ ഇറക്കിയ നാണയം, ഫ്രാൻസിസ് പാപ്പായുടെ മരണത്തിനു മുന്പ് ഇറക്കിയ സ്റ്റാന്പും നാണയവും-ഇതെല്ലാം കാണുന്പോൾ അവയ്ക്കു മുന്നിൽ സ്നേഹപ്രണാമം അർപ്പിക്കുകയാണ് ജോജോ.
വിവിധ പാപ്പാമാരുടെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങൾ സൂചിപ്പിക്കുന്ന വിവിധ രാജ്യങ്ങളുടെ സ്റ്റാന്പുകൾ, ചിത്രങ്ങൾ ആലേഖനം ചെയ്ത നാണയങ്ങൾ, മെഡലുകൾ എന്നിവയും ജോജോയുടെ ശേഖരത്തിലുണ്ട്. ഇതിനു പുറമേ 200-ഓളം രാജ്യങ്ങളുടെ കറൻസികൾ, നൂറുവർഷം പഴക്കമുള്ള കലണ്ടറുകൾ, ആഫ്രിക്കൻ സ്വർണഖനിയിലെ മണ്ണ്, പഴയകാല എഴുത്ത് സാമഗ്രിയായ താളിയോല, അളവുതൂക്ക ഉപകരണങ്ങൾ, മദർതെരേസയുടെ ചിത്രം ആലേഖനം ചെയ്ത അഞ്ച്, 100,1000 രൂപയുടെ നാണയങ്ങൾ, രാജഭരണകാലത്തെ നാണയങ്ങൾ, ഡാവിഞ്ചി, മദർതെരേസ, ഗാന്ധിജി തുടങ്ങിയവരുടെ മില്ലേനിയം മെഡലുകൾ, അൽഫോൻസാ നാണയങ്ങൾ, പ്രൗഡ് ഓഫ് ഇന്ത്യ എന്നപേരിൽ ഇറക്കിയ 24 കാരറ്റ് സ്വർണത്തിൽ പ്ലേറ്റ് ചെയ്ത റെപ്ലിക സ്റ്റാന്പുകൾ, ലണ്ടൻ ഒളിന്പിക്സിൽ ഇറക്കിയ 30 നാണയങ്ങൾ, ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളുടെ നാണയങ്ങൾ എന്നിവയെല്ലാം നിധിപോലെ ഇദ്ദേഹം സൂക്ഷിക്കുന്നു.
വാഴക്കുളം വിശ്വജ്യോതി എൻജിനിയറിംഗ് കോളജിലെ റിട്ട. അസി.പ്രഫസറും ഇടുക്കി ഫിലാറ്റലിക് ആന്ഡ ന്യൂമിസമാറ്റിക് സൊസൈറ്റി മെംബറുമാണ് ഇദ്ദേഹം. ഭാര്യ ബെൻസി (റിട്ട. ജോയിന്റ് രജിസ്ട്രാർ). മക്കൾ: റോഷൻ, റോജൻ.