ബജറ്റ് ഫ്രണ്ട്ലി പാക്കേജുമായി ബിഷപ് വയലിൽ ആശുപത്രി
1545897
Sunday, April 27, 2025 6:08 AM IST
മൂലമറ്റം: ആശുപത്രിയുടെ സുവർണജൂബിലി ആഘോഷങ്ങളുടെ മുന്നൊരുക്കമായി ബജറ്റ് ഫ്രണ്ട്ലി പാക്കേജ് ആരംഭിച്ചതായി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ആനീസ് കൂട്ടിയാനിയിൽ അറിയിച്ചു. ഇതിന്റെ ഭാഗമായി ഹൃദയം, കരൾ, കിഡ്നി, പ്രമേഹ പരിശോധന എന്നിവയ്ക്കു പുറമേ യുവജനങ്ങൾ, സ്ത്രീകൾ, പുരുഷൻമാർ എന്നിവർക്കുവേണ്ടിയുള്ള പരിശോധനാ പാക്കേജുകളുമാണ് ആരംഭിച്ചിരിക്കുന്നത്.
ഇതിനു പുറമേ പ്രായമായവരെ പ്രത്യേക ശ്രദ്ധയോടെ പരിചരിക്കുന്ന ജെറിയാട്രിക് വിഭാഗവും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തന സജ്ജമായ നെഫ്രോളജി വിഭാഗത്തിൽ ഡോ. ജെറി ജോസഫ് പുതുതായി ചാർജെടുത്തു.
സുസജ്ജമായ ലബോറട്ടറിയും സിടി സ്കാൻ യൂണിറ്റും 24 മണിക്കൂറും പ്രവർത്തിച്ചുവരുന്നു. മൃതദേഹം ശീതീകരിച്ച് സൂക്ഷിക്കുന്നതിനുള്ള സംവിധാനവും പീസ് ലാൻഡ് എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
നിലവിൽ മാനസികാരോഗ്യ വിഭാഗം, ജനറൽ മെഡിസിൻ, ഡയാലിസിസ്, പാലിയേറ്റീവ്, സർജറി, ഇഎൻടി, ദന്ത, ഓർത്തോപീഡിക്സ്, പീഡിയാട്രിക്സ്, പൾമനോളജി, റേഡിയോളജി ഉൾപ്പെടെ 20 സ്പെഷാലിറ്റി വിഭാഗങ്ങളും ചൈൽഡ് ഗൈഡൻസ് ക്ലിനിക്ക് ഉൾപ്പെടെ ഏഴ് ഫാക്കൽറ്റികളും ഇവിടെ പ്രവർത്തിച്ചുവരുന്നുണ്ട്. പുതുതായി ന്യൂറോളജിസ്റ്റിന്റെ സേവനവും ആശുപത്രിയിൽ ലഭ്യമാണ്.