കുരിശ് പിഴുതത് സ്ഥലം വനഭൂമിയാക്കാൻ: ഡീൻ കുര്യാക്കോസ് എംപി
1545900
Sunday, April 27, 2025 6:08 AM IST
തൊടുപുഴ: കൈവശഭൂമി വനം ഭൂമിയാക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമായാണ് വനംവകുപ്പ് കുരിശു പിഴുത് അതിക്രമം നടത്തിയതെന്ന് ഡീൻ കുര്യാക്കോസ് എംപി.
2016ലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിന്റെ മിനിട്സ് രേഖയനുസരിച്ച് നാരങ്ങാനം ഉൾപ്പെടെയുളള പ്രദേശങ്ങൾ നേരത്തേ ജോയിന്റ് വെരിഫിക്കേഷൻ നടക്കാത്തതും, എന്നാൽ പട്ടയം അനുവദിക്കുന്നതിനായി വെരിഫിക്കേഷന് നിർദേശിച്ച ഭൂമിയുമാണ്.
2020-ലെ റവന്യു ഉത്തരവ് അനുസരിച്ച് ജണ്ടയ്ക്ക് പുറത്തുള്ള കൈവശ അവകാശമുളള ഭൂമിക്ക് പട്ടയം അനുവദിക്കാവുന്നതാണ്. 1983-ൽ വനം, റവന്യു വകുപ്പുകളുടെ സംയുക്ത പരിശോധന നടത്തേണ്ട സ്ഥലങ്ങളെ സംബന്ധിച്ച് ധാരണയായ മേഖലകളിൽ നാരങ്ങാനം മേഖലയും ഉൾപ്പെട്ടിട്ടുണ്ട്.
ആധികാരികമായ ഈ സർക്കാർ രേഖകൾ നിലനിൽക്കെയാണ് വനംവകുപ്പ് അതിക്രമവുമായി രംഗത്തെത്തിയിരിക്കുന്നത്. യാതൊരു മുന്നറിയിപ്പുമില്ലാതെ നോട്ടീസ് പോലും നൽകാതെ അവകാശമില്ലാത്ത ഭൂമിയിലാണ് നടപടിക്രമം പാലിക്കാതെ അതിക്രമം കാണിച്ചത്. ഈ ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കണം.
1930-ലെ ബിടിആർ രേഖയുടെ അടിസ്ഥാനത്തിൽ വനംവകുപ്പിന് അനുകൂലമായി റിപ്പോർട്ട് എഴുതിയ റവന്യൂ ഉദ്യോഗസ്ഥനെതിരേയും നടപടി വേണമെന്നും എംപി ആവശ്യപ്പെട്ടു.
ഇതോടൊപ്പം, തമിഴ്നാട് വനംവകുപ്പ് മറയൂർ,ചിന്നാറിലേക്ക് പ്രവേശിക്കുന്നവർക്ക് ടോൾ ഏർപ്പെടുത്തുന്ന നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ വികസന സമിതിയിൽ പ്രശ്നം അവതരിപ്പിച്ചതായും ഡീൻ പറഞ്ഞു.
അന്തർസംസ്ഥാന പാതയിലാണ് വനംവകുപ്പ് ടോൾ പിരിക്കുന്നത്. പൊതുമരാമത്ത് റോഡിൽ വനംവകുപ്പിന് നികുതി ഏർപ്പെടുത്താൻ അധികാരമില്ല. ഇക്കാര്യം ചൂണ്ടിക്കാണിച്ച് തമിഴ്നാടിന് കത്ത് നൽകാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.