കട്ടപ്പന നഗരസഭാപരിധിയില്‍ കുടിവെള്ള വിതരണം: ടെന്‍ഡര്‍ ഏറ്റെടുക്കാന്‍ ആളില്ല
1545430
Friday, April 25, 2025 11:53 PM IST
കട്ടപ്പന: നഗരസഭയിൽ അടിയന്തര കൗണ്‍സില്‍ യോഗം ചേര്‍ന്നു. നഗരസഭാപരിധിയില്‍ കുടിവെള്ള വിതരണത്തിന്റെ ടെന്‍ഡറില്‍ ആരും പങ്കെടുക്കാത്തത് സംബന്ധിച്ച് ചര്‍ച്ച ചെയ്തു. കഴിഞ്ഞ വര്‍ഷം കുടിവെള്ളം വിതരണം ചെയ്ത വകയില്‍ 7 ലക്ഷത്തോളം രൂപ കരാറുകാര്‍ക്ക് നല്കാനുള്ളതായി പ്രതിപക്ഷ കൗൺസിലർമാർ അടക്കം ആരോപണം ഉന്നയിച്ചു.
സര്‍ക്കാര്‍ അനുമതി ലഭിച്ചശേഷമേ തുക നല്കാന് കഴിയുകയുള്ളൂവെന്ന് ഭരണസമിതി അറിയിച്ചു. അമൃത് കുടിവെള്ള പദ്ധതിയുടെ കണക്ഷനുകള്‍ നല്കുന്ന വിഷയവും ചര്‍ച്ചയായി. 2023-24 സാമ്പത്തിക വർഷത്തെ കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് കാര്യാലയം ലഭ്യമാക്കിയ വരവ്
ചിെലവ് കണക്കുകളിന്മേലുള്ള ഓഡിറ്റ് റിപ്പോർട്ട് സംബന്ധിച്ച് ചർച്ചകൾ ഉയർന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉയർന്ന പരാമർശങ്ങൾക്ക് മേലുള്ള മറുപടി, പദ്ധതി നിർവഹണ ഉദ്യോഗസ്ഥന്മാരിൽ നിന്നും ലഭ്യമാകുന്നതിനും ഓഡിറ്റ് പരാമർശങ്ങൾ ഒഴിവാക്കുന്നതിന് ഓഡിറ്റ് വകുപ്പിന് റിപ്പോർട്ട് നൽകുന്നതിനും ഉള്ള തീരുമാനത്തിനായി വിഷയം കൗൺസിലിൽ സമർപ്പിച്ചു. മുൻവർഷങ്ങളിലെ വർക്കുകൾ കോൺട്രാക്ടർമാർ കരാർ എടുത്തിട്ടും അവ നടപ്പിലാക്കാത്തതിനാൽ സ്പില്ലോവറിൽ ഉൾപ്പെട്ടു.
ഇത്തരത്തിൽ പദ്ധതികൾ ഏറ്റെടുത്ത ശേഷം നടത്താതിരിക്കുന്ന കരാറുകാരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നും യോഗത്തിൽ കൗൺസിലർമാർ ആവശ്യം ഉന്നയിച്ചു.