ഇടുക്കി രൂപതയിൽ മാർപാപ്പാ അനുസ്മരണം ഇന്ന്
1545140
Friday, April 25, 2025 12:09 AM IST
ചെറുതോണി: ഇടുക്കി രൂപതയിൽ ഇന്നു ഫ്രാൻസിസ് മാർപാപ്പാ അനുസ്മരണം നടത്തും. വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിൽ വൈകുന്നേരം 5.15ന് പ്രത്യേക ആരാധനയും 5.45ന് സമൂഹ ബലിയും തുടർന്നു മെഴുകുതിരി പ്രദക്ഷിണവും നടക്കും. സമൂഹ ബലിക്ക് ബിഷപ് മാർ ജോണ് നെല്ലിക്കുന്നേൽ മുഖ്യകാർമികത്വം വഹിക്കും.
രൂപതയിലെ മുഴുവൻ വൈദികരും സഹകാർമികരാകും. രൂപതയിലെ സന്യാസിനിമാരുടെ പ്രതിനിധികളുംഭക്തസംഘടനാ ഭാരവാഹികളും ഇടവകപ്രതിനിധികളും അനുസ്മരണ പരിപാടികളിൽ പങ്കാളികളാകും. ഫ്രാൻസിസ് മാർപാപ്പയുടെ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തും. മാർ ജോണ് നെല്ലിക്കുന്നേൽ അനുസ്മരണ സന്ദേശം നൽകും. രൂപതയിലെ എല്ലാ ഇടവകകളിലും ശനി, ഞായർ ദിവസങ്ങളിൽ പാപ്പായുടെ പ്രത്യേക അനുസ്മരണം നടത്തും. ഞായറാഴ്ച പള്ളിയിൽ പാപ്പായുടെ സ്മരണാർഥം വിശുദ്ധ ബലിയർപ്പിക്കുകയും പുതിയ മാർപാപ്പയ്ക്കായി പ്രാർഥിക്കുകയും ചെയ്യണമെന്ന് ബിഷപ് നിർദേശിച്ചു.