ഇടുക്കിയുടെ മണ്ണിലും കസ്തൂരിരംഗന്‍ കൈയൊപ്പു ചാര്‍ത്തി
1545441
Friday, April 25, 2025 11:53 PM IST
കെ.എസ്. ഫ്രാന്‍സിസ്
കട്ടപ്പന: ബഹിരാശ ശാസ്ത്രജ്ഞന് ഡോ. കെ. കസ്തൂരിരംഗന്റെ കൈയൊപ്പ് ഇടുക്കിയുടെ മണ്ണിലും പതിഞ്ഞു. പ്രഫ. മാധവ് ഗാഡ്ഗില്‍ ചെയര്‍മാനായി രൂപീകരിച്ച വെസ്റ്റേൺ ഗാട്ട്സ് എക്കോളജി എക്സേപേര്ട്ട് പാനല്‍ (ഡബ്ല്യുഇഇപി) തയാറാക്കിയ പശ്ചിമഘട്ട പരിസ്ഥിതി സംരക്ഷണ റിപ്പോര്‍ട്ട് ഇടുക്കി ജില്ല ഉള്‍പ്പെടെയുള്ള കേരളത്തിലെ പശ്ചിമഘട്ട മേഖലകളില്‍ പ്രതിഷേധത്തിന്റെ വേലിയേറ്റം ഉണ്ടാക്കിയപ്പോള്‍ പ്രതിഷേധം ശമിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച പശ്ചിമഘട്ട സംരക്ഷണ വര്‍ക്കിംഗ് പാനല്‍ ചെയര്‍മാനായിരുന്നു ഡോ. കെ. കസ്തൂരിരംഗന്‍. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി തയാറാക്കി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് ഇന്നും പശ്ചിമഘട്ട പരിസ്ഥിതി സംരക്ഷണ വിഷയത്തില്‍ വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിഗണനയിലുള്ളത്.
എക്കളോജിക്കലി സെന്‍സിറ്റീവ് ഏരിയ (ഇഎസ്എ) സംബന്ധിച്ച അന്തിമ വിജ്ഞാപനം ഇതുവരെ പുറത്തിറങ്ങിയിട്ടില്ലെങ്കിലും (കരടു വിജ്ഞാപനം പുതുക്കിക്കൊണ്ടിരിക്കുകയാണ്) കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സജീവമായി നിലനില്‍ക്കുകയാണ്. ലോക പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനായ ഗാഡ്ഗില്‍ തയാറാക്കിയ റിപ്പോര്‍ട്ട് ജനസൗഹാര്‍ദമായി നടപ്പിലാക്കാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയായിരുന്നു ബഹിരാകാശ ശാസ്ത്രജ്ഞനായ ക്സതൂരിരംഗന്‍.
പശ്ചിമഘട്ടത്തിന്റെ 75 ശതമാനം പ്രദേശങ്ങള്‍ ഇഎസ്എയായി പ്രഖ്യാപിക്കുന്നതായിരുന്നു ഗാഡ്ഗില്‍ ശിപാര്‍ശ. ഇഎസ്എ മൂന്നു സോണുകളാക്കി നിരോധനങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി പരിസ്ഥിതി സംരക്ഷിക്കാനുള്ള ഗാഡ്ഗില്‍ ശിപാര്‍ശയില്‍ രാജ്യത്തെ 142 താലൂക്കുകളാണ് ഉള്‍പ്പെട്ടിരുന്നത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പശ്ചിമഘട്ടത്തെ 37 ശതമാനം പ്രദേശങ്ങളാണ് പരിസ്ഥിതിലോല പ്രദേശങ്ങളായി പുനര്‍ നിര്‍ണയം ചെയ്തത്. അതായത് 60,000 ചതുരശ്ര കി.മി പ്രദേശം പരിസ്ഥിതി ലോലമായി കസ്തൂരിരംഗന്‍ പുനർനിര്‍ണയിച്ചു. മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ച പ്രദേശത്തിന്റെ പകുതി വിസ്തീര്‍ണമാണിത്.
ഗാഡ്ഗിലിന്റെ മൂന്നു പരിസ്ഥിതിലോല സോണുകള്‍ മാറ്റി ഒറ്റ സോണാക്കി കസ്തൂരിരംഗന്‍ പുനര്‍ നിര്‍ണയിച്ചു. പരിസ്ഥിതി സംരക്ഷിക്കുന്നതിന് ഗാഡ്ഗിലും കസ്തൂരിരംഗനും നിര്‍ദേശിച്ച നിരോധനങ്ങളിലും നിയന്ത്രണങ്ങളിലും തമ്മില്‍ കാര്യമായ വ്യത്യാസം ഉണ്ടായിട്ടില്ല.
റിപ്പോര്‍ട്ട് തയാറാക്കുന്നതിന്റെ ഭാഗമായ കസ്തൂരിരംഗന്‍ ഉള്‍പ്പെടെയുള്ള സംഘം ഇടുക്കിയിലും സിറ്റിംഗ് നടത്തിയിരുന്നു.