മകളോട് ലൈംഗികാതിക്രമം: പിതാവിന് 17 വർഷം കഠിനതടവ്
1545134
Friday, April 25, 2025 12:09 AM IST
ചെറുതോണി: പതിമൂന്നുകാരിയായ മകളോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ കുട്ടിയുടെ പിതാവിന് 17 വർഷം കഠിന തടവും 1,50,000 രൂപ പിഴയും. പൈനാവ് അതിവേഗ കോടതി ജഡ്ജി ലൈജുമോൾ ഷെരീഫ് ആണ് ശിക്ഷ വിധിച്ചത്. പൂമാല സ്വാദേശിയായ 41 കാരനെയാണ് ശിക്ഷിച്ചത്.
2022 ലാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ മാതാവ് കുട്ടിയെയും അനുജത്തിയെയും വീട്ടിലിരുത്തി അയൽക്കൂട്ടത്തിന് പോയ സമയം പിതാവ് കുട്ടിയെ മുറിയിൽ വിളിച്ചുവരുത്തി അതിക്രമം കാണിച്ചുവെന്നാണ് കേസ്. അതിന് മുൻപും പ്രതി പലതവണ ഇപ്രകാരം ചെയ്തിട്ടുള്ളതായും കുട്ടി മൊഴിയിൽ പറയുന്നു.
ട്യൂഷൻ കഴിഞ്ഞു വീട്ടിൽ പോകാൻ മടികാണിച്ചിരുന്ന കുട്ടിയെ ശ്രദ്ധിച്ച കൂട്ടുകാരി ഈ വിവരം സ്വന്തം വീട്ടിൽ പറഞ്ഞു. തുടർന്ന് നടത്തിയ കൗൺസലിംഗിലാണ് പീഡന വിവരം പുറത്തായത്.
13 സാക്ഷികളെയും 15 പ്രമാണങ്ങളും പ്രൊസീക്യൂഷൻ കോടതിയിൽ ഹാജരാക്കി. വിസ്താരവേളയിൽ പെൺകുട്ടിയുടെ മാതാവ് കൂറുമാറി പ്രതിക്ക് അനുകൂലമായി മൊഴി പറയുന്ന സാഹചര്യവും ഉണ്ടായി.
എസ്ഐ ജിബിൻ തോമസ്, എഎസ്ഐ ജെയ്സൺ ജോൺ, സീനിയർ സിവിൽ പോലീസ് ഓഫീസർ പി.കെ. ആശ തുടങ്ങിയവരാണ് കേസ് അന്വേഷണം നടത്തിയത്. പോസ്ക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസീക്യൂട്ടർ അഡ്വ. ഷിജോമോൻ ജോസഫ് കോടതിയിൽ ഹാജരായി.