പന്നിമറ്റം-മേത്തൊട്ടി-മൂലക്കാട് റോഡ് ടാറിംഗ് പൂർത്തിയാക്കും
1545132
Friday, April 25, 2025 12:09 AM IST
ഇടുക്കി: പാതിവഴിയിൽ ടാറിംഗ് നിലച്ച പന്നിമറ്റം- മേത്തൊട്ടി മൂലക്കാട് റോഡിന്റെ ടാറിംഗ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെത്തുടർന്ന് പൂർത്തിയാക്കാൻ വഴിയൊരുങ്ങുന്നു. ചെയർപേഴ്സണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ജില്ലാ പഞ്ചായത്ത് പ്രോഗ്രാം ഇംപ്ലിമെന്റ് യൂണിറ്റ് എക്സിക്യൂട്ടീവ് എൻജനിയറെ വിളിച്ചുവരുത്തി നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ടാറിംഗ് പുനരാരംഭിക്കുന്നത്. 2018ലാണ് റോഡിന്റെ നിർമാണം പൂർത്തിയാക്കിയത്. റോഡിന്റെ 900 മീറ്റർ ടാറിംഗ് പൂർത്തിയാക്കാനുണ്ടെന്നാണ് പരാതി.
അവശേഷിക്കുന്ന ഭാഗത്തിന്റെ ടാറിംഗ് കാലതാമസം കൂടാതെ പൂർത്തിയാക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് എക്സിക്യൂട്ടീവ് എൻജനിയർക്ക് നിർദേശം നൽകി. 285 മീറ്റർ റോഡ് മാത്രമാണ് ടാറിംഗ് നടത്താനുള്ളതെന്ന് എക്സിക്യൂട്ടീവ് എൻജനീയർ അറിയിച്ചു. വനംവകുപ്പിന്റെ അധീനതയിലുള്ള സ്ഥലമായതിനാൽ സാങ്കേതികമായും പ്രായോഗികമായും സാന്പത്തികമായും ടാറിംഗ് നടത്താൻ ബുദ്ധിമുട്ടുണ്ട്. പിഎംജിഎസ്വൈ പദ്ധതി പ്രകാരമാണ് ടാറിംഗ് പൂർത്തിയാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ പിഎംജിഎസ്വൈ പദ്ധതിയിലെ പുതുക്കിയ ചട്ടപ്രകാരം അവശേഷിക്കുന്ന ഭാഗത്തിന്റെ ടാറിംഗ് നടത്താമെന്ന് റിപ്പോർട്ടിൽ പറയുന്നു. ബാക്കിയുള്ള ഭാഗത്തിന്റെ ടാറിംഗ് സംബന്ധിച്ച പദ്ധതി രൂപരേഖ ഗ്രാമസഡക് സർവേ ആപ് പ്രകാരം സമർപ്പിച്ചതായി എക്സിക്യൂട്ടീവ് എൻജനിയർ അറിയിച്ചു. ഇതിനുള്ള അനുമതിയും കേന്ദ്ര വനംവകുപ്പിന്റെ എൻഒസിയും ലഭിച്ചാൽ അപാകത പരിഹരിക്കാമെന്ന് റിപ്പോർട്ടിൽ പറയുന്നു.
വനംവകുപ്പിന്റെ അനുമതിക്കായി പരിവേഷ് പോർട്ടൽ മുഖേന കേന്ദ്രസർക്കാരിന് അപേക്ഷ നൽകുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു. എത്രയും വേഗം കേന്ദ്ര സർക്കാരിൽനിന്ന് അനുമതി ലഭ്യമാക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു. മനുഷ്യാവകാശ പ്രവർത്തകനായ ഡോ. ഗിന്നസ് മാടസാമി സമർപ്പിച്ച പരാതിയിലാണ് നടപടി.