അടിച്ചുഫിറ്റായ മെംബറുടെ മാല മോഷ്ടിച്ച നേതാവ് തിരികേ നൽകി തടിതപ്പി
1545898
Sunday, April 27, 2025 6:08 AM IST
മൂലമറ്റം: മദ്യപിച്ചുറങ്ങിയ ബ്ലോക്ക് പഞ്ചായത്തംഗത്തിന്റെ സ്വർണമാല അടിച്ചുമാറ്റിയ സംഭവം വിവാദമായതോടെ മാല തിരികേനൽകി സുഹൃത്തുക്കൾ തടിയൂരി. ഈസ്റ്റർ ദിനത്തിൽ യൂത്ത് കോണ്ഗ്രസ് നേതാവിന്റെ വീട്ടിൽ നടത്തിയ ആഘോഷത്തിൽ പങ്കെടുത്ത് മദ്യം കഴിച്ച് ഉറങ്ങിപ്പോയ ബ്ലോക്ക് പഞ്ചായത്തംഗത്തിന്റെ മാലയാണ് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ അടിച്ചുമാറ്റിയത്. മാല നഷ്ടപ്പെട്ട ബ്ലോക്ക് മെംബർ പിന്നീട് കാഞ്ഞാർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
ഇതോടെ സംഭവദിവസം ആഘോഷത്തിൽ പങ്കെടുത്തവരെ പോലീസ് വിളിപ്പിച്ചു ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തായത്. യൂത്ത് കോണ്ഗ്രസ് ജില്ലാ നേതാവിന്റെ വീട്ടിലാണ് ആഘോഷം നടന്നത്. ആഘോഷത്തിൽ കോണ്ഗ്രസ് നേതാക്കൾ, ഏതാനും കരാറുകാർ, മറ്റു ചില സുഹൃത്തുക്കൾ തുടങ്ങിയവരാണ് പങ്കെടുത്തത്.
ആഘോഷ ലഹരിയിൽ ബ്ലോക്ക് മെംബർ ഉറങ്ങിപ്പോയതോടെ മെംബറെ വീട്ടിൽ കിടത്തിയിട്ട് മറ്റുള്ളവർ കുളിക്കാൻ പോയി. കുളി കഴിഞ്ഞ് വന്നപ്പോഴാണ് മാല കാണാനില്ലെന്നു മെംബർ പറയുന്നത്. പരാതി സ്റ്റേഷനിൽ എത്തിയപ്പോൾ ആഘോഷത്തിൽ പങ്കെടുത്തവരെ ചോദ്യം ചെയ്തെങ്കിലും എല്ലാവരും ഒഴികഴിവു പറഞ്ഞ് തടിയൂരി. ജില്ലാ പോലീസ് മേധാവിക്കു പരാതി നൽകുമെന്നു മെംബർ വ്യക്തമാക്കിയതോടെ കാണാതായ മാല പ്രത്യക്ഷപ്പെടുകയായിരുന്നു. യൂത്ത് കോണ്ഗ്രസിന്റെ പ്രാദേശിക നേതാവു തന്നെയാണ് മാല അടിച്ചുമാറ്റിയത്.
ഇരുചെവിയറിയാതെ മാല നൽകാമെന്ന് എടുത്തവർ പറഞ്ഞെങ്കിലും മെംബർ സമ്മതിച്ചില്ല. ഒടുവിൽ കാഞ്ഞാർ സ്റ്റേഷനിൽ കൊളുത്തില്ലാത്ത നിലയിൽ എത്തിച്ച മാല തിരികേനൽകി മെംബറെ കോണ്ഗ്രസ് നേതാക്കൾ സമാധാനിപ്പിച്ചു. സംഭവത്തിൽ നിരപരാധിയായ യൂത്ത് കോണ്ഗ്രസ് ബ്ലോക്ക് നേതാവാണ് ഏറെ പഴി കേട്ടത്. സംഭവം പാർട്ടിക്ക് നാണക്കേടായതോടെ ഇരൂകൂട്ടരോടും നേതൃത്വം വിശദീകരണം തേടിയേക്കും. അച്ചടക്കനടപടിക്കു സാധ്യതയുണ്ടെന്നും നേതാക്കൾ പറഞ്ഞു.