ദൈവകരുണയുടെ കണ്‍വന്‍ഷനും പുതുഞായര്‍ ആഘോഷങ്ങളും നാളെ സമാപിക്കും
1545434
Friday, April 25, 2025 11:53 PM IST
നെടുങ്കണ്ടം: നെടുങ്കണ്ടം കരുണാ ആനിമേഷന്‍ ആൻഡ് ഡിവൈന്‍ മേഴ്സി റിട്രീറ്റ് സെന്ററിൽ നടന്നുവരുന്ന ദൈവകരുണയുടെ മൂന്നാമത് കണ്‍വന്‍ഷനും തിരുനാളും പുതുഞായര്‍ ആഘോഷങ്ങളും നാളെ സമാപിക്കും. 18നാണ് കണ്വന്ഷന് ആരംഭിച്ചത്. വിവിധ ദിവസങ്ങളില്‍ വൈകുന്നേരം 4.30ന് വിശുദ്ധ കുര്‍ബാന, വചനപ്രഘോഷണം, ആരാധന, നൊവേന തുടങ്ങിയവ നടന്നുവരുന്നു.
കേരളത്തിലെ പ്രമുഖ വചനപ്രഘോഷകരായ സിസ്റ്റര്‍ ലിസ്യൂ മരിയ, ഫാ. ജയിംസ് മഞ്ഞാക്കല്‍, ഫാ. സിജോ തയ്യാലയ്ക്കല്‍, മഞ്ജിത തെരേസ, ബ്രദർ സാബു ആറുതൊട്ടിയില്‍, ബ്രദർ സന്തോഷ് കരുമാത്ര, ഫാ. ജിന്‍സ് ചീങ്കല്ലേല്‍ തുടങ്ങിയവരാണ് വചനപ്രഘോഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഇന്നലെ സീറോ മലബാര്‍ സഭ കൂരിയാ ബിഷ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ പൊന്തിഫിക്കല്‍ കുര്‍ബാന നടന്നു.
ഇന്നു വൈകുന്നേരം നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ഇടുക്കി രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് പ്ലാച്ചിക്കല്‍ കാര്‍മികത്വം വഹിക്കും. സമാപന ദിവസമായ നാളെ വൈകുന്നേരം 4.30 ന് ഇടുക്കി ബിഷപ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ വിശുദ്ധ കുര്‍ബാനയ്ക്കും തിരുനാളിനും ദിവ്യകാരുണ്യ പ്രദക്ഷിണത്തിനും മുഖ്യ കാര്‍മികത്വം വഹിക്കും. കണ്വന്ഷന് റിട്രീറ്റ് സെന്റർ ഡയറക്ടര്‍ ഫാ. ജയിംസ് മാക്കിയില്‍, അസി. ഡയറക്ടര്‍ ഫാ. ബിബിന്‍ അറയ്ക്കല്‍, ഡെന്നി താണുശേരിക്കാരന്, ഷിജോ ശൗര്യാംകുഴി, ബ്രദർ റെജി പുതുപ്പറമ്പില്‍, ബ്രദർ വിനോദ് കളപ്പുരയ്ക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി വരുന്നു.