ശന്പളവർധന നടപ്പാക്കാത്തത് പ്രതിഷേധാർഹം: കെപിഎസ്ടിഎ
1545143
Friday, April 25, 2025 12:09 AM IST
തൊടുപുഴ: സമഗ്ര ശിക്ഷ കേരളയിലെ ജീവനക്കാരുടെ വേതനം അഞ്ച് ശതമാനം വർധിപ്പിച്ചിരിക്കെ പദ്ധതിയിലെ സ്പെഷൽ എഡ്യുക്കേറ്റേഴ്സിനെയും സ്പെഷലിസ്റ്റ് അധ്യാപകരെയും വർധനയിൽനിന്ന് ഒഴിവാക്കിയ സർക്കാർ നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് കെപിഎസ്ടിഎ ജില്ലാ കമ്മിറ്റി.
ഒന്പത് വർഷമായി വേതനവർധന ലഭിക്കാത്ത സംസ്ഥാനത്തെ ഏക തൊഴിൽ വിഭാഗമാണ് കരാർ അടിസ്ഥാനത്തിൽ നിയമിക്കപ്പെട്ട സ്പെഷൽ എഡ്യുക്കേറ്റേഴ്സ്. 28815 രൂപ പ്രതിമാസ വേതനമുണ്ടായിരുന്ന സെക്കൻഡറി വിഭാഗം സ്പെഷൽ എഡ്യുക്കേറ്റേഴ്സിന്റെ വേതനം 25000 രൂപയായി 2018ൽ സർക്കാർ വെട്ടിക്കുറച്ചിരുന്നു.
പൊതുവിദ്യാലയങ്ങളിൽ സ്പെഷൽ എഡ്യുക്കേറ്റേഴ്സ് തസ്തിക സൃഷ്ടിക്കണമെന്നും നിലവിലെ കരാർ അധ്യാപകരെ സ്കൂളുകളിൽ സ്ഥിരപ്പെടുത്തണമെന്നും സുപ്രീം കോടതി 2025 മാർച്ച് ഏഴിന് ഉത്തരവിട്ടിരുന്നു.
12 ആഴ്ചകൾക്കകം സ്പെഷൽ എഡ്യുക്കേറ്റേർമാരുടെ സ്ഥിരനിയമന നടപടി പൂർത്തീയാക്കണമെന്നും സുപ്രീംകോടതി വിധിച്ചിരുന്നു. എന്നാൽ കോടതിവിധി വന്ന് ഒന്നര മാസം കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാൻ സർക്കാർ തയാറായിട്ടില്ലെന്ന് യോഗം കുറ്റപ്പെടുത്തി. സംസ്ഥാന സെക്രട്ടറി പി.എം. നാസർ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ജോബിൻ കദളിക്കാട്ടിൽ അധ്യക്ഷത വഹിച്ചു. ബിജോയി മാത്യു, ജോർജ് ജേക്കബ്, വി.കെ.ആറ്റ്ലി, സുനിൽ ടി. തോമസ്, ഷിന്റോ ജോർജ്, സജി മാത്യു, എം.വി. ജോർജുകുട്ടി, ടി. ശിവകുമാർ എന്നിവർ പ്രസംഗിച്ചു.