ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണവുമായി പോലീസ്
1545141
Friday, April 25, 2025 12:09 AM IST
തൊടുപുഴ: ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടുന്ന ക്രിമിനൽ കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ജില്ലയിലെ വിവിധ മേഖലകളിൽ തൊഴിൽ ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ പൂർണ വിവരം ശേഖരിക്കാൻ പോലീസിന്റെ നീക്കം. തൊഴിലുടമകളുടെയും കരാറുകാരുടെയും തൊഴിലാളികളെ താമസിപ്പിക്കുന്ന കെട്ടിട ഉടമകളുടെയും യോഗം വിളിച്ച് അതിഥി പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതടക്കമുള്ള നിർദേശം നൽകാനാണ് തീരുമാനം. ആദ്യ യോഗം മൂന്നാർ പോലീസിന്റെ നേതൃത്വത്തിൽ ടാറ്റാ ഓൾഡ് മൂന്നാർ സ്കൗട്ട് സെൻട്രലിൽ നടത്തി. എല്ലാ പോലീസ് സ്റ്റേഷൻ പരിധിയിലും യോഗം ചേർന്ന് മേയ് 15ന് മുന്പായി നടപടികൾ പൂർത്തിയാക്കും.
തൊഴിൽ തേടിയെത്തുന്നവരുടെ വിവരങ്ങൾ അതിഥി പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിന് നിർദ്ദേശമുണ്ടെങ്കിലും പല തൊഴിലുടമകളും ഇക്കാര്യം പാലിക്കാത്തതിനാലാണ് നടപടി. മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാതെയും പോലീസിലോ വിവിധ വകുപ്പുകളിലോ അറിയിക്കാതെയും പല തൊഴിലുടമകളും ജില്ലയിലെന്പാടും ഇതര സംസ്ഥാന തൊഴിലാളികളെ ജോലിക്ക് നിയോഗിച്ചിട്ടുള്ളതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് കളക്ടറാണ് നടപടിക്ക് നിർദേശിച്ചത്. ഏതാനും നാളുകളായി ഇതരസംസ്ഥാന തൊഴിലാളികൾ കൊലപാതകം ഉൾപ്പെടെയുള്ള ഗുരുതര കുറ്റകൃത്യങ്ങളിലും ലഹരി ഉത്പന്നങ്ങൾ കടത്തിക്കൊണ്ടുവന്ന് വിൽപ്പന നടത്തുന്നതിലുമടക്കം പങ്കാളികളാകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് പോലീസിന്റെ നീക്കം.
ജില്ലയിൽ 23,000 പേർ മാത്രമാണ് നിലവിൽ അതിഥി പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. തൊടുപുഴ, മൂന്നാർ, ശാന്തൻപാറ, പീരുമേട്, നെടുങ്കണ്ടം എന്നിവിടങ്ങളിലെ ലേബർ ഓഫീസുകളിലാണ് രജിസ്ട്രേഷനുള്ളത്.
കാർഷിക, നിർമാണ, വ്യാപാര മേഖലകളിൽ ആയിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്നതിനാൽ ഇവരുടെ എണ്ണം ഇതിലും ഏറെയാണെന്നാണ് സൂചന. രജിസ്റ്റർ ചെയ്യാത്തതിനാൽ കുറ്റകൃത്യം നടത്തി നാടുവിട്ടാൽ ഇവരെ കണ്ടെത്താനും പോലീസിന് ഏറെ പണിപ്പെടേണ്ടി വരും.
ഏലത്തോട്ടം മേഖലകളിലും മറ്റും കുടുംബസമേതമാണ് അതിഥി തൊഴിലാളികൾ ജോലിയെടുക്കുന്നത്. അസാം, ബീഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഒറീസ അടക്കമുള്ള വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള ധാരാളം തൊഴിലാളികൾ ജില്ലയിലുണ്ടെന്ന് ജില്ലാ ലേബർ ഓഫീസർ കെ.ആർ. സ്മിത പറഞ്ഞു. തൊടുപുഴ, മൂന്നാർ മേഖലകളിലാണ് കൂടുതൽ പേരുള്ളത്. രജിസ്റ്റർ ചെയ്യാതെ മാറിനിൽക്കുന്നവരുണ്ട്. പൂർണമായ വിവരങ്ങൾ കണ്ടെത്താൻ പരമാവധി ശ്രമം നടത്തുന്നുണ്ടെന്നും ലേബർ ഓഫീസർ പറഞ്ഞു.
നിർദേശങ്ങൾ
തൊഴിൽ, കെട്ടിട ഉടമകൾ തൊഴിലാളികളുടെ വിവരങ്ങളടങ്ങിയ രജിസ്റ്റർ സൂക്ഷിക്കണം. ആധാർ കാർഡിന്റെ പകർപ്പ്, ഫോട്ടോ, മേൽവിലാസം, ഫോണ് നന്പർ എന്നിവ വാങ്ങണം, പകർപ്പ് തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ നൽകണം.
തൊഴിലാളികളുടെ വിവരങ്ങൾ അതിഥി പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. തൊഴിലാളികൾ നാട്ടിലെത്തിയത്, തിരികെ പോയത്, എവിടെയാണ് താമസിച്ചത് തുടങ്ങിയ വിവരങ്ങൾ സൂക്ഷിക്കണം. തൊഴിലാളികൾ താമസിക്കുന്നിടത്ത് ലഹരി ഉപയോഗവും നിയമവിരുദ്ധ പ്രവർത്തനങ്ങളും നടക്കുന്നുണ്ടോയെന്ന് ഉടമകൾ പരിശോധിക്കണം, നിയമലംഘനങ്ങൾ പോലീസിനെ അറിയിക്കണം.
ബാലവേല ശ്രദ്ധയിൽപ്പെട്ടാൽ ഉദ്യോഗസ്ഥരെ അറിയിക്കണം. ലഹരി ഉപയോഗമോ വിൽപ്പനയോ ശ്രദ്ധയിൽപെട്ടാൽ യോദ്ധാവ് വാട്ട്സ്ആപ്പ് നന്പറായ 9995966666, 9497912594 എന്ന നന്പറിലോ, പോലീസ് സ്റ്റേഷനിലോ അറിയിക്കണം.