പട്ടയഭൂമി വനഭൂമിയാക്കുന്നത് അംഗീകരിക്കില്ല: പി.ജെ. ജോസഫ്
1545439
Friday, April 25, 2025 11:53 PM IST
തൊടുപുഴ: പട്ടയഭൂമി അടക്കമുള്ള സ്ഥലങ്ങൾ വനഭൂമിയാക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്നും സർക്കാരിന്റെ പരിഗണനയിലുള്ള പട്ടയ അപേക്ഷകളിൽ ഉടൻ തീരുമാനം വേണമെന്നും പി.ജെ. ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു.
വണ്ണപ്പുറം പഞ്ചായത്തിലെ പട്ടയം ലഭിച്ചതും ജോയിന്റ് വെരിഫിക്കേഷൻ നടത്തിയതും വനംവകുപ്പ് ജണ്ടയിട്ട് തിരിച്ചതിന് പുറത്തുള്ള സ്ഥലവും ഉൾപ്പെടെ 4005 ഏക്കർ ഭൂമി വനഭൂമിയാണെന്ന നിലപാട് അംഗീകരിക്കാനാകില്ല.
ഈ പ്രദേശത്തിനുള്ളിൽ മൃഗാശുപത്രി, പോസ്റ്റോഫീസ്, അങ്കണവാടി, പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ, ലൈബ്രറി അടക്കമുള്ള സ്ഥാപനങ്ങൾ അനേക വർഷങ്ങളായി പ്രവർത്തിക്കുന്നുണ്ട്. നാരങ്ങാനം-വട്ടത്തൊട്ടി റോഡ്, നാരങ്ങാനം-ചാത്തൻപുഴപ്പടി-എടത്തൊട്ടി റോഡ്, ഇളയിടംപടി-നെയ്കുത്തനാൽ റോഡ്, നാരങ്ങാനം-അന്പലംപടി-താഴത്തേക്കുടി റോഡ് ഉൾപ്പെടെയുള്ളവയുടെ നിർമാണത്തിന് സർക്കാർ ഫണ്ടനുവദിക്കുകയും ഇതു പൂർത്തീകരിച്ചിട്ടുള്ളതുമാണ്.
സർക്കാർ ആവശ്യപ്പെട്ട പ്രകാരം നാലായിരത്തോളം പട്ടയ അപേക്ഷകൾ പരിഗണനയിലാണ്. ഇവർക്ക് പട്ടയം ലഭിക്കുന്നതിനാവശ്യമായ നടപടി ത്വരിതപ്പെടുത്തണമെന്നും ജോസഫ് ആവശ്യപ്പെട്ടു.