പള്ളിയുടെ മുകളിൽനിന്നു വീണ യുവാവ് മരിച്ചു
1545135
Friday, April 25, 2025 12:09 AM IST
ഉപ്പുതറ: പള്ളിപ്പെരുന്നാളിന് തോരണം കെട്ടുന്നതിനിടെ കാൽവഴുതി വീണ് പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കേ മരിച്ചു. വളകോട് ചിറയിൽ യോഹന്നാന്റെ മകൻ മനോജ് (39) ആണ് മരിച്ചത്. 23 മുതൽ 27വരെ നടത്താനിരുന്ന വളകോട് സെന്റ്് ജോർജ് മലങ്കര കത്തോലിക്ക പള്ളിപ്പെരുന്നാളിന്റെ അലങ്കാരപ്പണിക്കിടെ 21 തിങ്കളാഴ്ച രാവിലെ 11 നാണ് അപകടം.
തോരണം വലിച്ചുകെട്ടുന്നതിനിടെ പള്ളിക്ക് മുകളിൽനിന്ന് കാൽ വഴുതി വീഴുകയായിരുന്നു. വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഒപ്പമുണ്ടായിരുന്നവർ മനോജിനെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാവിലെ 11.15 ന് മരിച്ചു. അപകടത്തെത്തുടർന്ന് പള്ളിപ്പെരുനാൾ മാറ്റിവച്ചു. പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം ഇന്ന് ഉച്ചയ്ക്കു വീട്ടിലെത്തിക്കും. തുടർന്നു മൂന്നിന് തുടങ്ങുന്ന അന്ത്യകർമത്തിനുശേഷം അഞ്ചിന് വളകോട് സെന്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. മാതാവ്: അന്നമ്മ. സഹോദരങ്ങൾ: മഞ്ചു, ബിൻസി.