ബജറ്റ് ടൂറിസം: ജില്ലയ്ക്ക് 1.25 കോടി നേട്ടം
1545433
Friday, April 25, 2025 11:53 PM IST
തൊടുപുഴ: ജനപ്രീതി നേടിയ ബജറ്റ് ടൂറിസം സെല്ലിന്റെ ഉല്ലാസയാത്രകളിലൂടെ ജില്ലയിൽ കെഎസ്ആർടിസി കൊയ്തെടുത്തത് ലക്ഷങ്ങൾ. വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും കടലിലും കായലിലും ഉൾപ്പെടെ ഉല്ലാസ യാത്ര നടത്തി 1.25 കോടിയാണ് കോർപറേഷന് മൂന്ന് വർഷത്തിനിടെ ജില്ലയിൽനിന്നു ലഭിച്ചത്. 2022 മുതൽ 2025 വരെയുള്ള കണക്കാണിത്.
നിലവിൽ തൊടുപുഴ, മൂന്നാർ, മൂലമറ്റം എന്നിവിടങ്ങളിലാണ് ബജറ്റ് ടൂറിസം സെൽ സജീവമായി പ്രവർത്തിക്കുന്നത്. കട്ടപ്പന, കുമളി എന്നീ ഡിപ്പോകളിൽനിന്ന് ഉല്ലാസ യാത്രകൾ ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.
തൊടുപുഴ ഡിപ്പോയിൽനിന്നു മാത്രം 80 ലക്ഷത്തിലധികം രൂപയാണ് വരുമാനം ലഭിച്ചത്. 52 യാത്രകളിൽനിന്നായി 17 ലക്ഷം നേടിയ മൂലമറ്റം ഡിപ്പോയും നേട്ടം കൈവരിച്ചു. ഇതുവരെ 1720 പേരാണ് ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി യാത്രയിൽ പങ്കാളികളായത്.
ഗവി, ആലപ്പുഴ അർത്തുങ്കൽ പള്ളി, കൊച്ചി കപ്പൽയാത്ര, മൂന്നാർ- വട്ടവട, മറയൂർ -കാന്തല്ലൂർ - ചതുരംഗപ്പാറ, ഇല്ലിക്കൽകല്ല് -വാഗമണ്‍, വർക്കല ശിവഗിരി, അതിരപ്പിള്ളി-വാഴച്ചാൽ- മലക്കപ്പാറ, രാമക്കൽമേട് -അഞ്ചുരുളി, വയനാട് എന്നിവിടങ്ങളിലേക്ക് പതിവായി യാത്ര നടത്തുന്നുണ്ട്.
വിനോദ യാത്രകൾക്ക് പുറമേ നിരവധി തീർഥാടന യാത്രകളും അന്തർ സംസ്ഥാന യാത്രകളും ബജറ്റ് ടൂറിസം സെൽ നടത്തുന്നുണ്ട്.
ബജറ്റ് ടൂറിസം സെല്ലിന്റെ ചുമതലക്കാർക്കു പുറമേ കോ-ഓർഡിനേഷന്‍ 1500 പേരടങ്ങുന്ന രണ്ട് വാട്ട്സാപ്പ് ഗ്രൂപ്പുകളും രൂപീകരിച്ചിട്ടുണ്ട്.
മൂന്നാറിന്റെ സൗന്ദര്യം നുകരാൻ വീണ്ടും ഡബിൾ ഡെക്കർ
മൂന്നാറിന്റെ സൗന്ദര്യം ആസ്വദിക്കാൻ റോയൽ വ്യൂ ഡബിൾ ഡെക്കർ ബസ് അടുത്തിടെയാണ് ഇറക്കിയതെങ്കിലും ഇത് വൻ ഹിറ്റായതോടെ ഒരു ബസ് കൂടി നിരത്തിലിറക്കാനുള്ള നീക്കത്തിലാണ് കെഎസ്ആർടിസി അധികൃതർ. കഴിഞ്ഞ ഫെബ്രുവരി എട്ടിനാണ് മൂന്നാറിൽ റോയൽ വ്യൂ ഡബിൾ ഡെക്കർ ബസ് സർവീസ് ആരംഭിച്ചത്. ഇതിനോടകം 35 ലക്ഷം രൂപയ്ക്കുമേൽ വരുമാനം നേടിക്കഴിഞ്ഞു. ആധുനിക രീതിയിലുള്ള ബസ് നിർമാണത്തിന് വേണ്ടി വന്ന 30 ലക്ഷം രൂപ തിരിച്ചുപിടിച്ചാണ് ലാഭത്തിലേക്ക് കടന്നത്.
നിലവിൽ ഒന്നരലക്ഷത്തോളം പേർ ഇതിൽ യാത്ര ചെയ്തിട്ടുണ്ട്. 50 സീറ്റുള്ള വാഹനത്തിൽ മുകൾനിലയിൽ 38 പേർക്കും താഴെ 12 പേർക്കും സഞ്ചരിക്കാം. താഴത്തെ നിലയിൽ 200 രൂപയും മുകൾ നിലയിൽ 400 രൂപയുമാണ് ചാർജ്.
മൂന്നാർ ഡിപ്പോയിൽനിന്ന് സർവീസ് ആരംഭിച്ച് കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ സിഗ്നൽ ലൈറ്റ്, ലാക്കാട് വ്യൂ പോയിന്റ്, ഗ്യാപ്പ് റോഡ് വഴി പെരിയകനാൽ വെള്ളച്ചാട്ടം വഴി തിരിച്ചെത്തുന്നതാണ് മൂന്ന് മണിക്കൂർ യാത്ര. രാവിലെ ആറ്, ഒന്‍പത്, ഉച്ചയ്ക്ക് 12.30, വൈകുന്നേരം നാല് എന്നീ സമയങ്ങളിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
ബജറ്റ് ടൂറിസം സെല്ലിന്റെ പ്രവർത്തനം മികച്ച രീതിയിൽ മുന്നേറുന്നുണ്ടെന്നും പദ്ധതി ഓരോ ദിവസവും കൂടുതൽ ജനകീയമാകുകയാണെന്നും ജില്ലാ കോ-ഓർഡിനേറ്റർ എൻ.ആർ. രാജീവ് പറഞ്ഞു.