കോളജ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് പരിക്ക്
1545137
Friday, April 25, 2025 12:09 AM IST
മൂലമറ്റം: പുള്ളിക്കാനം ഡിസി കോളജിന് സമീപം ബസ് കൊക്കയിലേക്ക് മറിഞ്ഞു. ഡിസി കോളജിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാത്രി 7.15 നായിരുന്നു അപകടം. കോളജിന്റെ കോമ്പൗണ്ടിലേക്ക് തന്നെയാണ് ബസ് മറിഞ്ഞത്. ചെന്നൈയിൽനിന്നെത്തിയ വിദ്യാർഥികളുമായി ഡിസി കോളജിലേക്ക് വരുന്നതിനിടെയാണ് അപകടം. വാഗമൺ ഭാഗത്തുനിന്നു കോളജിലേക്ക് വരുന്ന വഴിയാണ് അപകടം ഉണ്ടായത്.
30 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. കനത്ത കോടമഞ്ഞ് കാരണം ഡ്രൈവർക്ക് വഴി കാണാൻ കഴിയാതിരുന്നതാണ് അപകട കാരണമെന്ന് കരുതുന്നു. 25 ഓളം വിദ്യാർഥികളാണ് ബസിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ നാട്ടുകാർ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
മൂലമറ്റം അഗ്നിരക്ഷാസേനയും വാഗമൺ പോലീസും സ്ഥലത്തെത്തിയിരുന്നു. സാരമായി പരിക്കേറ്റ ഡ്രൈവർ ഇടാട്ട് കാഞ്ഞിരക്കാട്ടുകുന്നേൽ ജോസുകുട്ടിയെ (35) സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റു വിദ്യാർഥികളുടെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.