അമിത വില: കർശന നടപടിയുമായി അധികൃതർ
1545891
Sunday, April 27, 2025 6:08 AM IST
ഇടുക്കി: ജില്ലാ കളക്ടറുടെ നിർദേശപ്രകാരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി വകുപ്പുകളുടെ സംയുക്ത സ്ക്വാഡുകൾ പൊതുവിപണിയിൽ പരിശോധന കർശനമാക്കി. ഹോട്ടലുകൾ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകളിൽ പാക്കറ്റ് ഉത്പന്നങ്ങളിലെ എംആർപിയിൽ തിരുത്തലുകൾ വരുത്തിയതായി കണ്ടെത്തി.
നിയമ ലംഘനം കണ്ടെത്തിയ വെള്ളയാംകുടിയിലെ ഹോട്ടൽ ശരവണ ഭവൻ, ഹോട്ടൽ മലബാർ പാലസ് എന്നി സ്ഥാപനങ്ങൾക്ക് 5000 രൂപ വീതം പിഴ ചുമത്തി. വില വിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത വ്യാപാര സ്ഥാപനങ്ങൾക്ക് ഇത് പ്രദർശിപ്പിക്കാൻ കർശന നിർദേശം നൽകി.
നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരേ അവശ്യസാധന നിയമപ്രകാരം പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകി.