തൊമ്മന്‍കുത്ത് സംഭവം: പ്രതിഷേധം ശക്തമാകുന്നു
1545428
Friday, April 25, 2025 11:53 PM IST
കളക്ടര്‍ക്ക് പരാതി
തൊടുപുഴ: കൈവശഭൂമി വനഭൂമിയാണെന്ന് റിപ്പോര്‍ട്ട് നല്കിയ വണ്ണപ്പുറം വില്ലേജ് ഓഫീസര്‍ എന്‍.കെ.ഷാജിക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രദേശവാസികളായ ആറുകര്‍ഷകര്‍ ചേര്‍ന്ന് ഇടുക്കി ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി, തൊടുപുഴ തഹസില്‍ദാര്‍ എന്നിവര്‍ക്ക് പരാതി നല്കി. ആറരപതിറ്റാണ്ടായി തങ്ങളുടെ കൈവശത്തിലുള്ളതും കൃഷിചെയ്തുവരുന്നതുമായ ഭൂമിയാണ് വനഭൂമിയാണെന്ന് കാണിച്ച് റിപ്പോര്‍ട്ട് നല്‍കിയത്.
തൊമ്മന്‍കുത്ത് സെന്റ്് തോമസ് പള്ളിയുടെ കൈവശഭൂമിയില്‍ സ്ഥാപിച്ച കുരിശ് വനംവകുപ്പ് പൊളിച്ചുനീക്കിയതില്‍ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് വില്ലേജ് ഓഫീസര്‍ സ്ഥലം സന്ദര്‍ശിക്കുകയോ കൃത്യമായ രേഖകള്‍ പരിശോധിക്കുകയോ ചെയ്യാതെ കുരിശ് പൊളിച്ചുനീക്കിയ സ്ഥലം ഉള്‍പ്പെടുന്ന 4005 ഏക്കര്‍ റിസര്‍വ് വനഭൂമിയാണെന്നു റിപ്പോര്‍ട്ട് നല്‍കിയത്.
ഇതുവനംവകുപ്പ് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ഒത്തുകളി നടത്തിയതാണ്.ഇതു സംബന്ധിച്ച് കൃത്യമായി അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്.
മുഖ്യമന്ത്രിക്ക് ഭീമഹര്‍ജി
തൊടുപുഴ: മുഖ്യമന്ത്രി പിണറായി വിജയന് തൊമ്മന്‍കുത്ത്, നാരുംകാനം പ്രദേശത്തെ ജനങ്ങള്‍ ഭീമഹര്‍ജി നല്‍കും. മന്ത്രിസഭയുടെ നാലാംവാര്‍ഷികം ഉദ്ഘാടനം ചെയ്യാന്‍ 28നു നെടുങ്കണ്ടത്ത് എത്തുന്ന മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് ഹര്‍ജി നല്‍കാനാണ് നാട്ടുകാരുടെ തീരുമാനം.
അതേ സമയം കൈവശഭൂമിയിലെ കുരിശ്പൊളിച്ചുനീക്കിയ സംഭവത്തില്‍ പ്രതിഷേധം കൂടുതല്‍ ശക്തമാകുകയാണ്. അടുത്തമാസം ഒന്നിന് വൈകുന്നേരംനാലിന് മുണ്ടന്മുടി അച്ചന്‍കവലയില്‍ യുഡിഎഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചിട്ടുണ്ട്. മാത്യു കുഴല്നാടന് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
വനം-റവന്യുവകുപ്പുകള്ക്കെതിരേ പ്രതിഷേധവുമായി സിപിഎം
തൊടുപുഴ: തൊമ്മന്‍കുത്തില്‍ കുരിശ് സ്ഥാപിച്ചത് വനംവകുപ്പിന്റെ ഭൂമിയിലാണെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് സിപി എം ജില്ലാ സെക്രട്ടറി സി. വി. വര്‍ഗീസ്. കുരിശ് നീക്കംചെയ്ത സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പതിറ്റാണ്ടുകളായി ഇവിടെ നിന്നിരുന്ന തെങ്ങ് പിഴുതുമാറ്റിയശേഷം അവിടെയാണ് കുരിശ് സ്ഥാപിച്ചത്. ഈ ഭൂമി കര്ഷകന്റേതാണെന്നതിന് അടിസ്ഥാനപരമായ തെളിവ് ഇവിടെയുള്ള കൃഷിയാണ്.
1991-ല്പട്ടയത്തിനായി അന്നുറവന്യു മന്ത്രിയായിരുന്ന കെ. എം. മാണിക്ക് പ്രദേശവാസികള്‍ ഭീമഹര്‍ജി നല്‍കിയിരുന്നു. പട്ടയ നടപടികള്‍ക്കായി സംയുക്ത പരിശോധന അടിയന്തരമായി നടത്തണമെന്ന് അദ്ദേഹം അന്ന് ഉത്തരവിടുകയും ചെയ്തിരുന്നു.
ഇതിന്റെ രേഖകള്‍ പ്രദേശവാസികളുടെ പക്കലുണ്ട്. കാല്‍നൂറ്റാണ്ടിലേറെയായി പട്ടയ നടപടിയിലേക്ക് നീങ്ങിയ പ്രദേശമാണിത്.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ പരിശ്രമഫലമായി കേരളത്തില്‍ വനഭൂമിയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ സംയുക്ത പരിശോധന നടത്തി പട്ടയം നല്‍കണമെന്ന് തീരുമാനമെടുത്തു. ജില്ലയിലെ 24വില്ലേജുകള്‍ വനാതിര്‍ത്തി പങ്കിടുന്നുണ്ട്. ഈ പട്ടികയിലാണ് വണ്ണപ്പുറം പഞ്ചായത്തുമുള്ളത്.
സംയുക്ത പരിശോധന നടത്തി പ്രദേശവാസികള്‍ക്ക് പട്ടയം നല്‍കാനുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ അംഗീകരിച്ച സന്ദര്‍ഭത്തിലാണ് ബോധപൂര്‍വം വനംവകുപ്പ് ഇത്തരമൊരു നിലപാട് സ്വീകരിച്ചത്.
ഭൂമിയെ സബന്ധിച്ച് ആധികാരികമായി റിപ്പോര്‍ട്ട് ആവശ്യപ്പെടേണ്ടത് കളക്ടറാണ്. റേഞ്ച് ഓഫീസര്‍ ചോദിച്ചപ്രകാരം റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട ആവശ്യം വില്ലേജ് ഓഫീസര്‍ക്കില്ല.
റവന്യു, വനം ഉദ്യോഗസ്ഥരും കപട പരിസ്ഥിതിവാദികളുമാണ് ഇതിനു പിന്നില്‍. സര്‍ക്കാരിന്റെ സല്പേര് കളങ്കപ്പെടുത്താനുള്ള നീക്കമാണിത്.
28നുമുഖ്യമന്ത്രി നെടുങ്കണ്ടത്ത് എത്തുമ്പോള്‍ പ്രദേശവാസികള്‍ക്ക് നേരിട്ട് കാണാന്‍ ്അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.