ഫ്രാൻസിസ് മാർപ്പാപ്പ സ്നേഹത്തിന്റെയും കരുണയുടെയും വെളിച്ചം വിതറിയ വ്യക്തിത്വം: മാർ ജോൺ നെല്ലിക്കുന്നേൽ
1545440
Friday, April 25, 2025 11:53 PM IST
വാഴത്തോപ്പ്: ഫ്രാൻസിസ് മാർപാപ്പ സ്നേഹത്തിന്റെയും കരുണയുടെയും വെളിച്ചം വിതറിയ വ്യക്തിത്വമാണെന്ന് ഇടുക്കി ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ. വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രലിൽ നടന്ന ഇടുക്കി രൂപതയുടെ ഫ്രാൻസിസ് പാപ്പ അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിന് ഒരു പുതിയ ദർശനം നൽകാൻ ഫ്രാൻസിസ് മാർപാപ്പക്ക് കഴിഞ്ഞു. പുതിയൊരു സംസ്കാരത്തെ അദ്ദേഹം വളർത്തി.
സ്നേഹവും പ്രത്യാശയുമാണ് ക്രിസ്തീയ വിശ്വാസത്തിന്റെ കാതലെന്ന് അദ്ദേഹം പഠിപ്പിച്ചു. ജനങ്ങളുടെ പാപ്പായായി ആണ് ഫ്രാൻസിസ് പാപ്പ അറിയപ്പെടുന്നത്. ജയിലുകളിൽ കഴിഞ്ഞവരോടും തെരുവുകളിൽ അലഞ്ഞവരോടും കുടിയേറ്റക്കാരോടും അഭയാർഥികളോടും അദ്ദേഹം കാണിച്ച കരുതലും സ്നേഹവും അദ്ദേഹത്തെ വ്യത്യസ്തനാക്കി. ഫ്രാൻസിസ് മാർപാപ്പയുടെ പ്രബോധനങ്ങളും അദ്ദേഹത്തിന്റെ ജീവിതശൈലികളും ജനങ്ങളെ ആകർഷിക്കുന്നതായിരുന്നു.
ക്രൈസ്തവർക്കും അക്രൈസ്തവർക്കും അവിശ്വാസികൾക്ക് പോലും ഫ്രാൻസിസ് മാർപാപ്പയുടെ പ്രബോധനങ്ങളെ സ്വീകരിക്കാൻ കഴിഞ്ഞു. കാരണം മാനുഷിക മൂല്യങ്ങളിൽ ഊന്നിയായിരുന്നു അദ്ദേഹത്തിന്റെ പ്രബോധനങ്ങൾ.
പ്രകൃതിയെ സ്നേഹിക്കണമെന്നും അതിനെ ചൂഷണം ചെയ്യുന്നത് പാപമാണെന്നും അദ്ദേഹം പഠിപ്പിച്ചു. യുദ്ധത്തെ എതിർക്കുകയും യുദ്ധത്തിന് പരിശ്രമിക്കുന്നവരെ അദ്ദേഹം വിമർശിക്കുകയും ചെയ്തു. ലോകത്ത് സമാധാനവും ശാന്തിയും നിലനിർത്താൻ ഉപയുക്തമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകളെന്നും മാർ ജോൺ നെല്ലിക്കുന്നേൽ അനുസ്മരിച്ചു. സമർപ്പിതരുടെ നേതൃത്വത്തിൽ കരുണയുടെ ജപമാല ചൊല്ലി പ്രാർത്ഥിച്ചു. തുടർന്ന് ആരാധന നടന്നു.
മാർ ജോൺ നെല്ലിക്കുന്നേലിന്റെ മുഖ്യകാർമികത്വത്തിൽ സമൂഹബലിയും നടന്നു. രൂപതയിലെ വൈദികർ സഹകാർമികരായി. വിശുദ്ധ കുർബാനയ്ക്കുശേഷം ഫ്രാൻസിസ് മാർപാപ്പക്ക് വേണ്ടി പ്രത്യേക അനുസ്മരണ പ്രാർത്ഥന നടത്തി.
തുടർന്ന് നടന്ന മെഴുകുതിരി പ്രദക്ഷിണത്തിൽ നൂറുകണക്കിന് വിശ്വാസികൾ സംബന്ധിച്ചു. പ്രദക്ഷിണത്തെത്തുടർന്ന് ഫ്രാൻസിസ് മാർപാപ്പയുടെ ചിത്രത്തിന് മുമ്പിൽ പുഷ്പാർച്ചനയും നടത്തി.
രൂപത വികാരി ജനറാൾമാരായ മോൺ. ജോസ് കരിവേലിക്കൽ, മോൺ. ജോസ് പ്ലാച്ചിക്കൽ, മോൺ. ഏബ്രഹാം പുറയാറ്റ്, കത്തീഡ്രൽ വികാരി ഫാ. ഫ്രാൻസിസ് ഇടവക്കണ്ടം, ഫാ. മാർട്ടിൻ പൊൻപനാൽ എന്നിവർ അനുസ്മരണ പരിപാടികൾക്ക് നേതൃത്വം നൽകി.