പാപ്പായ്ക്ക് യാത്രാമൊഴിയേകി മൂന്നാർ ഇടവക
1545893
Sunday, April 27, 2025 6:08 AM IST
മൂന്നാർ: ഹൈറേഞ്ചിലെ ആദ്യ കത്തോലിക്ക ദേവാലയമായ മൂന്നാർ മൗണ്ട് കാർമൽ ഇടവകയെ ബസിലിക്ക പദവിയിലേക്ക് ഉയർത്തിയ ഫ്രാൻസിസ് മാർപാപ്പയ്ക്ക് സ്മരണാഞ്ജലി അർപ്പിച്ച് മൂന്നാറിലെ വിശ്വാസിസമൂഹം. തേയിലത്തോട്ടങ്ങളിൽ പണിയെടുത്തിരുന്ന ക്രൈസ്തവ വിശ്വാസികളായ തൊഴിലാളികളുടെ ആത്മീയ ആവശ്യങ്ങൾക്കായി 1898 ൽ സ്ഥാപിച്ച മൂന്നാർ മൗണ്ട് കാർമൽ ഇടവക ശതോത്തര രജത ജൂബിലി വർഷമായി ആചരിച്ച 2024 മാർച്ച് 27നാണ് ഫ്രാൻസിസ് മാർപാപ്പ മൂന്നാർ ദേവാലയത്തെ ബസിലിക്ക പദവിയിലേക്ക് ഉയർത്തിയത്.
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരച്ചടങ്ങുകൾ നടക്കുന്ന അതേസമയത്ത് തന്നെയായിരുന്നു അനുസ്മരണ പ്രാർഥനാശുശ്രൂകൾ. ഉച്ചയ്ക്ക് 12ന് മാർപാപ്പയ്ക്കു വേണ്ടിയുള്ള പ്രത്യേക ദിവ്യബലി അർപ്പിക്കപ്പെട്ടു.
ബസിലിക്ക സഹവികാരി ഫാ. ലിജോ ലോറൻസ് ദിവ്യബലിക്ക് നേതൃത്വം നൽകി. തുടർന്ന് മൂന്നാർ ടൗണ്‍ ചുറ്റി മൗനജാഥ നടത്തി. കുരിശടയിൽ സ്ഥാപിച്ച മാർപാപ്പയുടെ ചിത്രത്തിനു മുന്പിൽ വിശ്വാസികൾ പൂക്കൾ അർപ്പിച്ചു.