നേര്യമംഗലം-പാംബ്ല റോഡിൽ യാത്രക്കാർക്ക് ദുരിതമായി ഈറ്റക്കാടുകൾ
1545895
Sunday, April 27, 2025 6:08 AM IST
അടിമാലി: നേര്യമംഗലം-പാംബ്ല റോഡിൽ ഈറ്റക്കാടുകൾ വളർന്ന് റോഡിലേക്കിറങ്ങിനിൽക്കുന്നതു യാത്ര ദുഷ്കരമാക്കുന്നതായി ആക്ഷേപം ഉയരുന്നു. റോഡിലെ വളവുള്ള പ്രദേശങ്ങളിൽ ഉൾപ്പെടെ ഈറ്റക്കാടുകൾ റോഡിന്റെ മധ്യഭാഗം വരെ വളർന്നിരിക്കുകയാണ്. ഇതുമൂലം ഇരുചക്രവാഹനയാത്രക്കാർക്കാണ് കൂടുതൽ അപകട സാധ്യത. ഇവരുടെ ദേഹത്ത് ഈറ്റയുടെ ശിഖരങ്ങൾ തട്ടി പരിക്കേൽക്കുന്നതു പതിവാണ്.
മറ്റു വാഹനയാത്രക്കാർക്കും ഈറ്റക്കാടുകൾ ദുരിതം സൃഷ്ടിക്കുന്നുണ്ട്. ഇവിടുത്തെ റോഡ് സംബന്ധിച്ച് പരിചയമില്ലാത്തവർക്ക് ഈറ്റക്കാടുകൾ പെട്ടെന്നു കാണുന്പോൾ വാഹനം ബ്രേക്ക് ചെയ്യേണ്ടതായിവരുന്നു.
ഇതു പിന്നാലെ വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കാനുള്ള സാഹചര്യവും സൃഷ്ടിക്കുന്നു. ഈറ്റകൾ വാഹനങ്ങളിൽ തട്ടി പോറലേൽക്കുന്നതായും യാത്രക്കാർക്ക് പരാതിയുണ്ട്.
നാട്ടുകാർ ഇവ വെട്ടിനീക്കാൻ തയാറായാൽ വനവിഭവങ്ങൾ നശിപ്പിച്ചെന്ന കാരണം ചൂണ്ടിക്കാട്ടി ഇവർക്കെതിരേ വനംവകുപ്പ് കേസെടുക്കാനുള്ള സാധ്യതയുള്ളതിനാൽ ആരും ഇതിനു മുതിരാത്ത സാഹചര്യമാണ്.
വനംവകുപ്പ് യഥാസമയം ഇവ വെട്ടിനീക്കാൻ തയാറായില്ലെങ്കിൽ മഴക്കാലം ആരംഭിക്കുന്നതോടെ ഇതുവഴിയുള്ള യാത്ര കൂടുതൽ ദുരിതപൂർണമാകുമെന്നും അപകടം വർധിക്കാൻ ഇടയാക്കുമെന്നും നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.