കൈയേറ്റങ്ങളെ സിപിഐ പ്രോത്സാഹിപ്പിക്കില്ല: ബിനോയി വിശ്വം
1545894
Sunday, April 27, 2025 6:08 AM IST
അടിമാലി: കൈയേറ്റങ്ങളെ ഒരിടത്തും ഒരിക്കലും പ്രോത്സാഹിപ്പിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം. കമ്യൂണിസ്റ്റ് പാര്‍ട്ടി ജനങ്ങളുടെ പാര്‍ട്ടിയാണ്. കൈയേറ്റക്കാർക്കൊപ്പം കമ്യൂണിസ്റ്റ് പാര്‍ട്ടി നില്‍ക്കില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിക്കകത്ത് ആര്‍ക്കെങ്കിലും കൈയേറ്റങ്ങങ്ങളിൽ പങ്കുണ്ടെങ്കില്‍, അത് തെളിയിക്കപ്പെട്ടാല്‍ അവര്‍ പാര്‍ട്ടിക്ക് പുറത്തായിരിക്കുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി മൂന്നാറില്‍ പറഞ്ഞു.
സിപിഐ ദേവികുളം മണ്ഡലം സമ്മേളനത്തിന്റെ മുന്നോടിയായി നടന്ന പ്രതിനിധി സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. വിവിധ സ്ഥലങ്ങളില്നിന്നാരംഭിച്ച കൊടിമരം, പതാക, ബാനര്‍, ദീപശിഖ, സി.എ.കുര്യന് ഛായാചിത്രം ജാഥകള്‍ക്ക് സമ്മേളന നഗരിയില്‍ സ്വീകരണം നല്കി. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവംഗം കെ. കെ. അഷറഫ്, ജില്ലാ സെക്രട്ടറി കെ. സലീംകുമാര്‍, സംസ്ഥാന കമ്മിറ്റിയംഗം എം.വൈ. ഔസേഫ്, ജില്ലാ എക്സിക്യൂട്ടീവംഗം പി. മുത്തുപ്പാണ്ടി, പി. പഴനിവേല്‍, സി. ചന്ദ്രപാല്‍, വാഴൂര്‍ സോമന് എംഎല്‍എ എന്നിവര്‍ പ്രസംഗിച്ചു.
കാനം രാജേന്ദ്രന്റെ കുടുംബത്തോട് അനാഥരവെന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ചിന്തിക്കാന്‍ പോലും കഴിയുന്നതല്ലെന്ന് ബിനോയി വിശ്വം പറഞ്ഞു. പറ്റിയത് പിഴവു തന്നെയെന്ന് അംഗീകരിക്കുന്നു. കാനത്തിന്റെ മകനെ ഉടന്‍തന്നെ വിളിച്ചിരുന്നു.
വീട്ടില്‍ ചെന്ന് കാനം രാജേന്ദ്രന്റെ ഭാര്യയെ നേരില്‍ കാണുമെന്നും ബിനോയി വിശ്വം പറഞ്ഞു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയം ഉറപ്പാണെന്നും അന്‍വര്‍ ഇഫക്ട് എന്നത് പൊട്ടിപ്പോയ സോപ്പ് കുമിളയാണെന്നും ബിനോയി വിശ്വം മൂന്നാറില്‍ പറഞ്ഞു.