ചിന്തിക്കാനും ഭാവന ചെയ്യാനും വിദ്യാഭ്യാസത്തിലൂടെ കഴിയണം: മാർ ജോസഫ് കല്ലറങ്ങാട്ട്
1507833
Thursday, January 23, 2025 11:53 PM IST
തീക്കോയി: അത്ഭുതം കൊള്ളാനും ചിന്തിക്കാനും ഭാവന ചെയ്യാനും വിദ്യാഭ്യാസത്തിലൂടെ കഴിയണമെന്ന് ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്. തീക്കോയി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി സമാപനവും വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിഷപ്.
മാനേജർ റവ. ഡോ. തോമസ് മേനാച്ചേരി അധ്യക്ഷത വഹിച്ചു. കോർപറേറ്റ് ഏജൻസി സെക്രട്ടറി ഫാ. ജോർജ് പുല്ലുകാലായിൽ അനുഗ്രഹപ്രഭാഷണം നടത്തി.
സർവീസിൽനിന്നു വിരമിക്കുന്ന പ്രിൻസിപ്പൽ സിസ്റ്റർ ജെസിൻ മരിയ എഫ്സിസി, ഹെഡ്മാസ്റ്റർ ജോണിക്കുട്ടി ഏബ്രഹാം, അധ്യാപകരായ സിസ്റ്റർ ദീപ്തി ടോം എഫ്സിസി, ഡെയ്സി ജേക്കബ് എന്നിവർക്ക് യാത്രയയപ്പും നൽകി. ഹെഡ്മാസ്റ്റർ ജോണിക്കുട്ടി ഏബ്രഹാം ജൂബിലി അനുസ്മരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജയിംസ് ഫോട്ടോ അനാച്ഛാദനവും മെമന്റോ സമർപ്പണവും നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെംബർ ഷോൺ ജോർജ് പ്രതിഭകളെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർ ഓമന ഗോപാലൻ സമ്മാനദാനം നിർവഹിച്ചു.
പൂർവവിദ്യാർഥി റവ. ഡോ. തോമസ് മൂലയിൽ, സഹവികാരി ഫാ. ജോസഫ് താന്നിക്കപ്പാറ, പിടിഎ പ്രസിഡന്റ് ജോമോൻ പോർക്കാട്ടിൽ, വാർഡ് മെംബർ അമ്മിണി തോമസ്, ഭരണങ്ങാനം എഫ്സിസി പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ജെസി മരിയ ഓലിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.