ഏകസ്ഥരായ വനിതകള്‍ക്ക് ഭവനമൊരുക്കി കെസിബിസി ഫാമിലി കമ്മീഷന്
1497553
Wednesday, January 22, 2025 10:39 PM IST
ഉപ്പുതറ: ഏകസ്ഥര്‍ തങ്ങളുടെ ജീവിതം പ്രാര്‍ഥനയിലൂടെ വിശുദ്ധീകരിക്കണമെന്ന് ബിഷപ് പോള്‍ ആന്റണി മുല്ലശേരി. കെസിബിസി ഫാമിലി കമ്മീഷന്റെ കീഴിലുള്ള മരിയന്‍ സിംഗിള്‍സ് സൊസൈറ്റിയുടെ മൂന്നാമത്തെ ഭവനമായ മാട്ടുക്കട്ടയിലുള്ള സെന്റ് ആന്‍സ് വില്ലയുടെ ആശീര്‍വാദം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. തങ്ങളുടെ ജീവിതസാഹചര്യത്തില്‍ അഭിമാനിക്കണമെന്നും ദൈവം നല്കിയ സിദ്ധികളും കഴിവുകളും സമൂഹത്തിനായി ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സെന്റ് ആന്‍സ് വില്ല ചാപ്പലിന്റെ ആശീര്‍വാദം കാഞ്ഞിരിപ്പള്ളി രൂപതാധ്യക്ഷനും കെസിബിസി ഫാമിലി കമ്മീഷന് വൈസ് ചെയര്‍മാനുമായ മാര്‍ ജോസ് പുളിക്കല്‍ നിര്‍വഹിച്ചു. കേരള കത്തോലിക്ക സഭയിലെ അവിവാഹിതരായ സ്ത്രീകളുടെ സമഗ്ര വികസനത്തിനായി രജിസ്റ്റര്‍ ചെയ്ത ചാരിറ്റബിള്‍ സൊസൈറ്റിയാണ് സൊസൈറ്റി ഓഫ് മരിയന്‍ സിംഗിള്‍സ്.
സൊസൈറ്റി അവിവാഹിതരായ സ്ത്രീകളുടെ ഉന്നമനത്തിനായി സെമിനാറുകളും പരിശീലന പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. കെസിബിസി ഫാമിലി കമ്മീഷന്റെ ആഭിമുഖ്യത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഒമ്പത് അംഗ ഭരണസമിതിയാണ് സൊസൈറ്റിയുടെ ഭരണം നിര്‍വഹിക്കുന്നത്. സൊസൈറ്റിക്ക് ഇപ്പോള്‍ മൂന്ന് വീടുകളാണുള്ളത്. കോതമംഗലം രൂപതയുടെ കീഴിലുള്ള ഫ്ളവര്‍വില്ല (ഊന്നുകല്‍), എറണാകുളം രൂപതയുടെ കീഴിലുള്ള മരിയഭവന് (കറുകുറ്റി) എന്നിവിടങ്ങളില്‍ എല്ലാ മാസവും പ്രാര്‍ഥനാ ശുശ്രൂഷകളും ദിവ്യകാരുണ്യ ആഘോഷങ്ങളും കമ്മിറ്റി യോഗങ്ങളും പതിവായി നടക്കുന്നുണ്ട്.
മാട്ടുക്കട്ടയിലെ മൂന്നാമത്തെ വീടിനുള്ള സ്ഥലം ദാനം ചെയ്ത മേരികുളം ഇടവകയിലെ അന്നമ്മ ഇടപ്പള്ളിയെ ചടങ്ങില്‍ ആദരിച്ചു. കെസിബിസി ഫാമിലി കമ്മീഷന് ചെയര്‍മാനായിരിക്കെ ഏകസ്ഥജീവിതത്തെ കേരളസഭയുടെ മുഖ്യധാരയിലേക്കു കൊണ്ടുവരുവാന്‍ നേതൃത്വം നല്കിയ മാർ ആനിക്കുഴിക്കാട്ടിലിന്റെയും കെസിബിസി ഫാമിലി കമ്മീഷന് മുന്‍ സെക്രട്ടറി ഫാ. പോള്‍ മാടശേരിയുടെയും സംഭാവനകള്‍ വിലമതിക്കാനാകാത്തതാണെന്ന് യോഗം വിലയിരുത്തി.
മരിയന്‍ സിംഗിള്‍സ് സൊസൈറ്റി ഡയറക്ടര്‍ റവ. ഡോ. ക്ലീറ്റസ് വര്‍ഗീസ് കതിര്‍പറമ്പില്‍ സ്വാഗതം ആശംസിച്ചു.
കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍, ജീസസ് ഫ്രറ്റേണിറ്റി സ്റ്റേറ്റ് ഡയറക്ടര്‍ ഫാ. മാര്ട്ടിന് തട്ടില്‍, മേരികുളം ഫൊറോന വികാരി ഫാ. വര്‍ഗീസ് കുളംപളളി, അസി. വികാരി ഫാ. തോമസ് കണ്ടത്തില്‍, സയണ്‍ പബ്ലിക് സ്കൂൾ മാനേജര്‍ ഫാ. ഇമ്മാനുവേല്‍ കിഴക്കേതലക്കല്‍, സിസ്റ്റർ മേരി ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.
മരിയന്‍ സിംഗിള്‍സ് സൊസൈറ്റി പ്രസിഡന്റ് അച്ചാമ്മ തോമസ്, സെക്രട്ടറിമാരായ മേരിക്കുട്ടി ജെയിംസ്, ചിന്നമ്മ മണിമലയില്‍, വര്‍ഗീസ് വെട്ടിയാങ്കൽ, ജോസ് ഇടപ്പള്ളിൽ, സൊസൈറ്റി അംഗങ്ങൾ എന്നിവര്‍ നേതൃത്വം നല്കി.