ലഹരിമാഫിയകൾക്കെതിരേ ജാഗ്രത വേണം: ജില്ലാ കളക്ടർ
1507820
Thursday, January 23, 2025 11:53 PM IST
ചെറുതോണി: കുരുന്ന് വിദ്യാർഥികളെപ്പോലും മയക്കുമരുന്ന് മാഫിയകൾ ഇരകളാക്കുന്നതിനെതിരേ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ വി. വിഗ്നേശ്വരി. മുരിക്കാശേരി സെന്റ് മേരീസ് എൽപി സ്കൂൾ വാർഷികവും അധ്യാപക രക്ഷാകർതൃ ദിനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു ജില്ലാ കളക്ടർ.
സിന്തറ്റിക് ലഹരി പദാർഥങ്ങൾ ആവശ്യക്കാരിൽ എത്തിക്കാൻ കുട്ടികളെ ഇടനിലക്കാരായി ഉപയോഗിക്കുന്നത് പലയിടത്തും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ പ്രവണത നാൾക്കുനാൾ ഏറി വരികയാണ്. ഇത്തരം വിഷയങ്ങളിൽ സ്കൂൾ അതികൃതർക്കൊപ്പം രക്ഷിതാക്കളും അവബോധമുള്ളവരാകണം. കുടുംബങ്ങളിൽ നിന്നാണ് ഇതിനുള്ള പ്രാഥമിക ചുവടുവയ്പ് ഉണ്ടാകേണ്ടത്. നിതാന്ത ജാഗ്രത പുലർത്തുക മാത്രമാണ് ഇതിനൊരു പോംവഴി. കുട്ടികളുടെ ഓരോ നീക്കവും കൂട്ടുകെട്ടുകളും രക്ഷകർത്താക്കൾ അറിഞ്ഞാവണം. മാഫിയകളുടെ ഇരകളാണ് തങ്ങളെന്ന് കുട്ടികൾ അറിയുന്നത് കേസിൽ അകപ്പെടുമ്പോൾ മാത്രമാണെന്നും ജില്ലാ കളക്ടർ ചൂണ്ടിക്കാട്ടി.
സർവീസിൽ നിന്നു വിരമിക്കുന്ന സ്കൂൾ ഹെഡ്മിസ്ട്രസ് പി.വി. ബീനയെ ജില്ലാ കളക്ടർ ഉപഹാരം നൽകി ആദരിച്ചു. സ്കൂൾ മാനേജർ ഫാ.ജോസ് നരിതൂക്കിൽ അധ്യക്ഷത വഹിച്ചു. വികാരി ജനറാൾ മോൺ. ജോസ് പ്ലാച്ചിക്കൽ, രൂപത വിദ്യാഭ്യാസ സെക്രട്ടറി റവ.ഡോ.ജോർജ് തകടിയേൽ, ജില്ലാ പഞ്ചായത്തംഗം ഷൈനി സജി, ബ്ലോക്ക് പഞ്ചായത്തംഗം സിബിച്ചൻ തോമസ്, സ്കൂൾ അസി. മാനേജർ ഫാ.സേവ്യർ മേക്കാട്ട്, മുൻ പ്രഥമാധ്യാപകരായ സണ്ണി ജോർജ്, സിസ്റ്റർ കെ.എം. അൽഫോൻസ, ഇമാം എ.പി. ഷഫീഖ് ബാഖവി, ജോസഫ് മാത്യു, ജിജിമോൾ മാത്യു, പിടിഎ പ്രസിഡന്റ് അനൂപ് ജോസഫ്, എംപിടിഎ പ്രസിഡന്റ് അനു സുജേഷ്, സ്റ്റാഫ് സെക്രട്ടറി മെർവിൻ ജയിംസ്, സ്കൂൾ ലീഡർ കെവിൻ ബോബി എന്നിവർ പ്രസംഗിച്ചു.