മുറിയുടെ അവകാശം ആർക്ക് ; ജില്ലാ ആശുപത്രിയിൽ ഡോക്ടർമാരും ജീവനക്കാരും തമ്മിൽ തർക്കം
1497546
Wednesday, January 22, 2025 10:39 PM IST
തൊടുപുഴ: ജില്ലാ ആശുപത്രിയിലെ അഡ്മിനിസ്ട്രേഷൻ ബ്ലോക്കിൽ ഡോക്ടർമാർ വിശ്രമത്തിനും മറ്റുമായി ഉപയോഗിച്ചിരുന്ന മുറിയെച്ചൊല്ലി ജീവനക്കാരും ഡോക്ടർമാരും തമ്മിൽ തർക്കം. കോവിഡ് കാലം മുതൽ ഡോക്ടർമാർ ഉപയോഗിച്ചിരുന്ന മുറി അഡ്മിനിസ്ട്രേഷൻ വിഭാഗം ലേ സെക്രട്ടറിയുടെ നിർദേശപ്രകാരം താഴ് പൊളിച്ച് അകത്ത് കയറിയതാണ് ഡോക്ടർമാരുടെ പ്രതിഷേധത്തിന് ഇടയാക്കിയത്.
എന്നാൽ ലേ സെക്രട്ടറി ഉപയോഗിച്ചിരുന്ന മുറി താത്കാലികമായി ഡോക്ടർമാർക്ക് നൽകിയതാണെന്നും ഇപ്പോൾ മുറി ഒഴിവാകാൻ ഇവർ തയാറാകുന്നില്ലെന്നുമാണ് ജീവനക്കാരുടെ ആരോപണം. സംഭവത്തിൽ ഡെപ്യൂട്ടി ഡിഎംഒ സ്ഥലത്തെത്തി അന്വേഷണം നടത്തി. രണ്ടു വർഷത്തോളമായി ഈ മുറിയെച്ചൊല്ലി ഡോക്ടർമാരും ജീവനക്കാരും തമ്മിൽ തർക്കം പതിവാണ്.
ചൊവ്വാഴ്ച വൈകുന്നേരം 4.30-നായായിരുന്നു സംഭവം. ഡോക്ടർമാരുടെ മുറിയും ഓഫീസും തമ്മിൽ ബന്ധിപ്പിക്കുന്ന വാതിലിന്റെ പൂട്ടാണ് തകർത്തത്. വനിതാ ഡോക്ടർമാരടക്കം മുപ്പതോളം പേർ വിശ്രമിക്കാനുപയോഗിക്കുന്ന മുറിയാണിത്.
രാത്രി ഷിഫ്റ്റിൽ ഡ്യൂട്ടി ചെയ്യുന്ന ഡോക്ടർമാരും ഈ മുറിയാണ് ഉപയോഗിക്കാറുള്ളത്. താഴ് പൊളിച്ച് അകത്ത് കയറി ലേ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഓഫീസ് ഉപകരണങ്ങളും മേശയും ഫയലുകളും വിശ്രമമുറിയിൽ കൊണ്ടുവന്നിടുകയായിരുന്നവെന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർമാർ പറഞ്ഞു. സംഭവത്തിൽ ഡോക്ടർമാർ ഡിഎംഒയ്ക്കും സൂപ്രണ്ടിനും പരാതി നൽകി.
എന്നാൽ കോവിഡ് കാലത്ത് ഡോക്ടർമാർക്ക് താത്കാലികമായി ഉപയോഗിക്കാനാണ് ലേ സെക്രട്ടറിയുടെ മുറി നൽകിയതെന്ന് ജീവനക്കാർ പറയുന്നു.
ഡോക്ടർമാർക്ക് വിശ്രമിക്കാൻ ആറു മുറിയുള്ളപ്പോഴാണ് ലേ സെക്രട്ടറി മുന്പ് ഉപയോഗിച്ചിരുന്ന മുറിയും ഇവർ കൈവശപ്പെടുത്തിയതെന്നാണ് ജീവനക്കാരുടെ ആരോപണം. മുന്പുണ്ടായിരുന്ന സെക്രട്ടറിമാരടക്കം ഡിഎംഒയ്ക്കും അധികാരികൾക്കും പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും ഇവർ പറഞ്ഞു.
പരാതി ഉയർന്നതോടെ ഡെപ്യൂട്ടി ഡിഎംഒ ശരത് ജി. റാം സ്ഥലത്തെത്തി അന്വേഷണം നടത്തി.
ഇരു വിഭാഗവുമായി ചർച്ച നടത്തിയ ശേഷം ഡോക്ടർമാർക്കുതന്നെ മുറി അനുവദിച്ചു നൽകി.
28ന് ഡിഎംയുടെ നേതൃത്വത്തിൽ ചർച്ച നടത്തി ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈകൊള്ളുമെന്ന് ലേ സെക്രട്ടറി ബീനമോൾ പറഞ്ഞു.