കിടത്തി ചികിത്സയ്ക്കായി സിഎച്ച്സി പടിക്കൽ പ്രതിഷേധ ധർണ നടത്തി
1497543
Wednesday, January 22, 2025 10:39 PM IST
രാജാക്കാട്: മുല്ലക്കാനത്ത് പ്രവർത്തിക്കുന്ന രാജാക്കാട് സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിന് മരുന്നും ജീവനക്കാരെയും എത്തിച്ച് കിടത്തി ചികിത്സ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് രാജാക്കാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുല്ലക്കാനം സിഎച്ച്സി പടിക്കൽ രണ്ടാംഘട്ട ധർണ സമരം നടത്തി.38 വർഷം മുമ്പ് പ്രവർത്തനം ആരംഭിച്ച ആശുപത്രിയിൽ വർഷാവർഷം ലക്ഷക്കണക്കിന് രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിലും സ്റ്റാഫ് പാറ്റേൺ പൂർത്തിയാക്കി മരുന്നുകൾ എത്തിച്ച് കിടത്തി ചികിത്സ പുനരാരംഭിച്ചിട്ടില്ല.
ഡോക്ടർ ഇല്ലാതെ ആശുപത്രി നിരവധി ദിവസം അടച്ചിട്ടതിനെത്തുടർന്നാണ് യുഡിഎഫ് രണ്ടാമതും സമരം നടത്തിയത്.
മുല്ലക്കാനം കിഴക്കേ കവലയിൽനിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം സിഎച്ച്സി കവാടത്തിൽ പോലീസ് തടഞ്ഞു.തുടർന്ന് യുഡിഎഫ് ചെയർമാൻ സിബി കൊച്ചുവള്ളാട്ടിന്റെ അധ്യക്ഷതയിൽ നടന്ന ധർണാ സമരം കെപിസിസി അംഗം ആർ. ബാലൻപിള്ള ഉദ്ഘാടനം ചെയ്തു. കൺവീനർ
ജോഷി കന്യാക്കുഴി, ഒ.എസ്. ജോസഫ്, യുഡിഎഫ് നേതാക്കളായ ചാക്കോ നടുക്കുടി, ജോസ് ചിറ്റടി, സുധീർ കോട്ടക്കുടി, കെ.എസ്. ശിവൻ, എം.പി. ജോസ്, ഷാജി അമ്പാട്ട് എന്നിവർ പ്രസംഗിച്ചു.