വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കണ്ണംപടി ആദിവാസി സങ്കേതം മൊബൈൽ പരിധിയിൽ
1507831
Thursday, January 23, 2025 11:53 PM IST
ഉപ്പുതറ: കണ്ണംപടി, മേമാരി നിവാസികൾ പരിധിയിൽ. ബിഎസ് എൻഎൽ ചൊറിയൻതണ്ടിൽ ടവർ സ്ഥാപിച്ചതോടെയാണ് മേഖല പരിധിക്കുള്ളിലായത്. ടവർ സ്ഥാപിക്കണമെന്ന ആദിവാസി ജനവിഭാഗത്തിന്റെ വർഷങ്ങളായുളള ആവശ്യമാണ് അംഗീകരിക്കപ്പെട്ടിരിക്കുന്നത്. വനം വകുപ്പിന്റെ എതിർപ്പായിരുന്നു തടസം.
കണ്ണംപടി, മേമാരി ആദിവാസി സങ്കേതങ്ങൾ വനത്തിനു നടുവിലാണ്. ഇവിടെയുള്ളവർക്ക് പുറം ലോകവുമായി ബന്ധപ്പെടണമെങ്കിൽ മരത്തിൽ കയറി റേഞ്ച് പിടിക്കണം. എല്ലാ മരങ്ങളിലും റേഞ്ച് ലഭിക്കണമെന്നുമില്ല. മൊബൈൽ നെറ്റ് വർക്ക് ലഭിക്കാത്തതിനാൽ വലിയ ദുരിതമാണ് അനുഭവിച്ചിരുന്നത്. കോവിഡ് കാലത്ത് വിദ്യാഭ്യാസം ഓൺലൈനായപ്പോൾ നെറ്റ്വർക്കിന്റെ അഭാവം കുട്ടികളുടെ വിദ്യാഭ്യാസം മുടക്കി. ഇതേത്തുടർന്നാണ് ജനപ്രതിനിധികൾ ടവർ സ്ഥാപിക്കാൻ സർക്കാരിൽ സമ്മർദം ചെലുത്തിയത്.
പല കമ്പിനികളും ടവർ സ്ഥാപിക്കാൻ സമ്മതം മൂളിയെങ്കിലും വനം വകുപ്പിന്റെ എതിർപ്പ് തിരിച്ചടിയായി. ഒടുവിൽ സർക്കാരിന്റെ സമ്മർദത്തിൽ വനംവകുപ്പ് വഴങ്ങുകയായിരുന്നു. അനുമതി ലഭിച്ചതോടെ ബിഎസ്എൻഎൽ ടവർ സ്ഥാപിച്ചു.
ആനയും മറ്റ് വന്യമൃഗങ്ങളും കയറാതിതിരിക്കാൻ സോളാർ വേലിയും സ്ഥാപിച്ചു. 4 ജി ടവറാണ്ണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ഇനി കണ്ണംപിടിക്കാർക്ക് പുറംലോകവുമായി ബന്ധപ്പെടാം.