റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാൻ 27 മുതല്‍ നിരാഹാരസമരം
1507830
Thursday, January 23, 2025 11:53 PM IST
അടിമാലി: മാങ്കുളം പഞ്ചായത്തിലെ പെരുമ്പന്‍കുത്ത് ആറാംമൈല്‍ - അമ്പതാംമൈല്‍ റോഡിന്റെ നിര്‍മാണ ജോലികള്‍ കരാറുകാരന് പൂര്‍ത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് ആക്ഷന്‍ കൗണ്‍സില്‍ സമരത്തിലേക്ക്. ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനില്‍ കെ. ആന്റണി 27 മുതല്‍ കോട്ടയത്തെ റീ ബില്‍ഡ് കേരള ഓഫീസിന് മുമ്പില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.
പഞ്ചായത്തിലെ 2, 3, 4 വാര്‍ഡുകളിലായുള്ള 1500 ഒാളം കുടുംബങ്ങള്‍ ആശ്രയിക്കുന്ന 4.2 കിലോമീറ്റര്‍ ദൂരമുള്ള റോഡ് 2018ലെ പ്രളയകാലത്താണ് തകര്‍ന്നത്. റീ ബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി റോഡ് നിര്‍മാണത്തിനു തുക അനുവദിച്ച് 2022 മാര്‍ച്ച് 26ന് നിര്‍മാണ ഉദ്ഘാടനം നടത്തുകയും ചെയ്തു.
270 ദിവസങ്ങള്‍ക്കുള്ളില്‍ നിര്‍മാണ ജോലികള്‍ പൂര്‍ത്തീകരിക്കണമെന്നായിരുന്നു കരാര്‍. എന്നാല്‍, നിര്‍മാണമാരംഭിച്ച് മൂന്ന് വര്‍ഷത്തോടടുക്കുമ്പോഴും ടാറിംഗ് ജോലികള്‍ പൂര്‍ത്തിയാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് മാങ്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത ആനന്ദന്, വൈസ് പ്രസിഡന്റ് അനില്‍ കെ. ആന്റണി, ഗ്രാമപഞ്ചായത്തംഗങ്ങളായ റിനേഷ് തങ്കച്ചന്, എ. കെ. സുധാകരന്,റോഡ് ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങളായ ജിസ് തങ്കപ്പന്, സെബാസ്റ്റ്യന്‍ തോമസ്, എ. കെ. ശശികുമാര്‍, വിശാലം മുരളി എന്നിവര്‍ പറഞ്ഞു.