മലയോര സമരയാത്രയിൽ 15000 പേർ പങ്കെടുക്കും
1507829
Thursday, January 23, 2025 11:53 PM IST
ചെറുതോണി: മലയോര കർഷക ജനതയോട് എൽഡിഎഫ് സർക്കാർ പുലർത്തുന്ന കടുത്ത അനീതിക്കെതിരേ പ്രതിപക്ഷനേതാവ് വി.ഡി. സതീശനും യുഡിഎഫ് നേതാക്കളും നയിക്കുന്ന മലയോര സമരയാത്രയിലെ മൂന്നു സ്വീകരണകേന്ദ്രങ്ങളിൽ 15000 പേരെ പങ്കെടുപ്പിക്കുമെന്ന് ഇടുക്കി ജവഹർ ഭവനിൽ ചേർന്ന ഡിസിസി നേതൃയോഗം അറിയിച്ചു. ജില്ലയിലെ ഭൂ വിഷയങ്ങൾ ജനജീവിതം ദുരിത പൂർണമാക്കിയിരിക്കുകയാണെന്ന് യോഗം വിലയിരുത്തി.
സിഎച്ച്ആർ മേഖലയിലെ കർഷകരുടെ പട്ടയം, വനവിസ്തൃതി വർദ്ധിപ്പിച്ച് തുടരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന സർക്കാർ നടപടികൾ, ഭൂനിയമ ഭേദഗതിയിലെ അപാകതകൾ, വന്യമൃഗ ആക്രമണം തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് നാളെ ( 25 ന്) കണ്ണൂർ ജില്ലയിലെ ഇരിക്കൂറിൽ നിന്നാണ് മലയോര സമരയാത്ര ആരംഭിക്കുന്നത്.
ഫെബ്രുവരി ഒന്നിന് ജില്ലയിൽ അടിമാലിയിലും കട്ടപ്പനയിലും കുമളിയിലും ജാഥക്ക് സ്വീകരണം നൽകും. നേതൃയോഗം കെപിസിസി ജന. സെക്രട്ടറി അഡ്വ. എസ്. അശോകൻ ഉദ്ഘാടനം ചെയ്തു.ഡിസിസി പ്രസിഡന്റ് സി.പി. മാത്യു അധ്യക്ഷത വഹിച്ചു.
നേതാക്കളായ അഡ്വ.ഇ. എം. ആഗസ്തി, ഇബ്രാഹിംകുട്ടി കല്ലാർ, ജോയി വെട്ടിക്കുഴി,തോമസ് രാജൻ, എം.എൻ. ഗോപി, എ.പി. ഉസ്മാൻ, എം.കെ. പുരുഷോത്തമൻ, നിഷ സോമൻ,എം.ഡി. അർജുനൻ, പി.വി. സ്കറിയ, ബിജോ മാണി,പി.എ. അബ്ദുൾ റഷീദ്, അരുൺ പൊടിപാറ തുടങ്ങിയവർ പ്രസംഗിച്ചു.