ആകാശയാത്ര സഫലമാക്കി പാറക്കടവിലെ പകൽവീട്ടുകാർ
1497545
Wednesday, January 22, 2025 10:39 PM IST
തൊടുപുഴ: വിമാനയാത്രയെന്ന സ്വപ്നം സഫലമാക്കി തൊടുപുഴ പാറക്കടവിലെ പകൽവീട്ടുകാർ. നെടുന്പാശേരി വിമാനത്താവളത്തിൽനിന്ന് ഇന്നലെ രാത്രി 10.45ന്റെ എയർ ഇന്ത്യ എക്സ്പ്രസിലാണ് 23 പകൽവീട്ടുകാർക്ക് ആകാശയാത്ര ഒരുക്കിയത്. രണ്ടു ദിവസം ചെന്നൈയിലെ കാഴ്ചകൾ ആസ്വദിച്ച ശേഷം തിരികെ ട്രെയിനിൽ മടങ്ങിയെത്തും. കൗണ്‍സിലർ ആർ. ഹരിയുടെയും വാർഡ് വികസനസമിതി കണ്‍വീനർ വി.വി. ഷാജിയുടെയും നേതൃത്വത്തിലാണ് യാത്ര സംഘടിപ്പിച്ചത്. വിമാന യാത്രയ്ക്ക് പേര് രജിസ്റ്റർ ചെയ്ത മുപ്പതിലെറെപ്പേർ അടുത്ത ഊഴം കാത്തിരിക്കുന്നു.
2022 ജനുവരി ഒന്നിന് നിലവിൽവന്ന തൊടുപുഴ നഗരസഭ മുപ്പതാം വാർഡിലെ പകൽ വീട്ടുകാർക്ക് ഇത് നാലാമത്തെ യാത്രയാണ്. ആദ്യ യാത്ര ആലപ്പുഴയിൽ ബോട്ടു യാത്രയായിരുന്നു. പിന്നീട് എറണാകുളം യാത്രയിൽ കൊച്ചി മെട്രോയും വാട്ടർ മെട്രോയും ആസ്വദിച്ചു. പിന്നീട് ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളായ വാഗമണും പരുന്തുംപാറയും പീരുമേടും എല്ലാം നേരിൽ കാണാനും അവർക്ക് അവസരമൊരുങ്ങി.
നൂറോളം മുതിർന്ന പൗരൻമാർ അംഗങ്ങളായ പകൽവീട്ടിലെ ആഘോഷം യാത്രകളിൽ മാത്രം ഒതുങ്ങുന്നില്ല. വാർധക്യത്തിലെ വിരസതയറ്റാൻ ശരാശരി 40 അംഗങ്ങൾ സ്ഥിരമായി അവിടെ എത്തുന്നു. ഇവർക്ക് ഉച്ചയൂണ് അടക്കം മൂന്നു നേരം ഭക്ഷണം ഒരുക്കി കാത്തിരിക്കുകയാണ് അധികൃതർ. മുതിർന്നവർക്കൊപ്പം എല്ലാ പ്രായക്കാരും ഒത്തുചേരുന്ന ഇടമായി പകൽവീട് മാറിക്കഴിഞ്ഞു. ഇവർക്കായി വിവിധ കലാകാരൻമാർ എത്തി കലാപരിപാടികളും അവതരിപ്പിക്കാറുണ്ട്.