ചൊക്രമുടിയിൽ വീണ്ടും ഭൂമി കൈയേറ്റ ശ്രമം
1507826
Thursday, January 23, 2025 11:53 PM IST
രാജാക്കാട്: ബൈസണ്‍വാലി വില്ലേജിലെ ചൊക്രമുടിയിൽ ഭൂമി കൈയേറ്റം നടന്നതായി പ്രത്യേക അന്വേഷണസംഘവും റവന്യു വകുപ്പും സ്ഥിരീകരിച്ച സ്ഥലത്ത് വീണ്ടും കൈയേറ്റ ശ്രമം. ഇന്നലെ രാവിലെ ഒൻപതിന് പത്തിലധികം പേരടങ്ങുന്ന സംഘം ചൊക്രമുടിയിലേക്ക് പ്രവേശിക്കുന്ന റോഡിനു കുറുകെയുണ്ടായിരുന്ന ഗേറ്റിൽ നാട്ടുകാർ സ്ഥാപിച്ചിരുന്ന പൂട്ട് പൊളിച്ച് അകത്തു കയറി വിവാദ ഭൂമിയിലെ ഒരേക്കറോളം സ്ഥലത്തെ പുല്ലും നീലക്കുറിഞ്ഞിച്ചെടികളും യന്ത്രസഹായത്തോടെ വെട്ടി നശിപ്പിച്ചു.
സംഭവം അറിഞ്ഞ് ചൊക്രമുടി സംരക്ഷണ സമിതി പ്രവർത്തകരും രാജാക്കാട് പോലീസും സ്ഥലത്തെത്തി. ഉടൻതന്നെ കാടു വെട്ടുന്ന യന്ത്രങ്ങളുമായി ഏഴോളം പേർ ഇവിടെ നിന്ന് വാഹനത്തിൽ കയറി രക്ഷപ്പെട്ടു. ഇവിടെ ഭൂമി വാങ്ങിയ അടിമാലി സ്വദേശിയുടെയും മറ്റ് സ്ഥലമുടമകളുടെയും തൊഴിലാളികളാണ് തങ്ങളെന്ന് സംഘത്തിലെ ചിലർ ചൊക്രമുടി സംരക്ഷണസമിതി ഭാരവാഹികളോട് പറഞ്ഞു.
ചൊക്രമുടി സംരക്ഷണ സമിതി ചെയർമാനും ബൈസണ്‍വാലി പഞ്ചായത്തംഗവുമായ സന്തോഷ് ഭാസ്കരന്റെ നേതൃത്വത്തിലുള്ള ഭാരവാഹികൾ വിവരം സബ് കളക്ടറെ അറിയിച്ചു. എങ്കിലും റവന്യു സംഘം ഈ സമയത്തൊന്നും ഇവിടെ എത്തിയില്ലെന്ന് ഇവർ പറയുന്നു.
ചൊക്രമുടിയിലെ ഭൂമി കൈയേറ്റം സ്ഥിരീകരിക്കുകയും ഇവിടെ ഭൂമി വാങ്ങിയവരുടെയും പട്ടയ ഉടമകളുടെയും വിചാരണ പൂർത്തിയാവുകയും ചെയ്തിട്ടും തുടർനടപടികൾ സ്വീകരിക്കാൻ വൈകുന്നു വെന്ന ആരോപണം നിലനിൽക്കെയാണ് വീണ്ടും കൈയേറ്റശ്രമം നടന്നത്. സംഭവത്തിൽ ദേവികുളം തഹസീൽദാരോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ക്രിമിനൽ കേസെടുക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും ദേവികുളം സബ് കളക്ടർ വി.എം. ജയകൃഷ്ണൻ അറിയിച്ചു.