ഭൂജല സെൻസസ് : കണ്ടെത്തിയത് 1000 ജലസ്രോതസുകൾ
1497550
Wednesday, January 22, 2025 10:39 PM IST
തൊടുപുഴ: ഭൂജല വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ നടന്നുവരുന്ന ഭൂജല സെൻസസിന്റെ ഭാഗമായി ഇതുവരെ രേഖപ്പെടുത്തിയത് ആയിരത്തോളം ജലസ്രോതസുകൾ. കിണറുകൾ, അരുവികൾ, കുഴൽക്കിണറുകൾ അടക്കമുള്ളവയുടെ കണക്കാണിത്. കുടുംബശ്രീ പ്രവർത്തകരുടെ സഹായത്തോടെ നീരറിവ് എന്ന മൊബൈൽ ആപ്പ് വഴിയാണ് വിവരങ്ങൾ ശേഖരിക്കുന്നത്. ജൂണ് 20നാണ് ആദ്യ ഘട്ടം സെൻസസ് തുടങ്ങിയത്. ഫെബ്രുവരി അവസാനത്തോടെ സെൻസസ് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
കാലാവസ്ഥ വ്യതിയാനത്തെത്തുടർന്ന് വരൾച്ചയുടെയും ഭൂജല സ്രോതസുകളിലെ വെള്ളം കുറയുന്നതിന്റെയും പശ്ചാത്തലത്തിലാണ് ഭൂജല സന്പത്ത് തിട്ടപ്പെടുത്തുന്നതിന് സെൻസസ് തുടങ്ങിയത്. സംസ്ഥാനമൊട്ടാകെ 14 കോടി രൂപ ചെലവ് കണക്കാക്കുന്ന പദ്ധതി രണ്ടുഘട്ടമായാണ് നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ 14 ജില്ലകളിൽനിന്ന് വരൾച്ച രൂക്ഷമായ 93 ബ്ലോക്കുകൾ തെരഞ്ഞെടുത്തു. ഇതിനായി കുടുംബശ്രീ മിഷന്റെ സൂപ്പർവൈസർമാർക്കും എന്യുമറേറ്റർമാർക്കും വിദഗ്ധ പരിശീലനം നൽകിയിരുന്നു. ഓരോ പ്രദേശത്തിന്റെയും വരുംകാലങ്ങളിലുള്ള ആവശ്യകത അനുസരിച്ച് തിട്ടപ്പെടുത്തി ഭൂജലശേഷി വർധിപ്പിക്കുകയും ഗുണനിലവാരം മെച്ചപ്പെടുത്തുകയും വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ സാധ്യത, സോയിൽ പൈപ്പിംഗ് എന്നിവ മുൻകൂട്ടി കണ്ടെത്തി അവയുടെ ആഘാതം കുറയ്ക്കാനുള്ള മുൻകരുതലെടുക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
ആദ്യ ഘട്ടത്തിൽ ഭൂജലശോഷണം സംഭവിച്ചിട്ടുള്ള പ്രദേശങ്ങളായ അമിത ചൂഷിതം, ഗുരുതരം, അർധ ഗുരുതരം എന്നീ വിഭാഗങ്ങളിൽപ്പെടുന്ന 33 എണ്ണം ഉൾപ്പെടെ 39 ബ്ലോക്കുകളെയാണ് ജില്ലകളിൽനിന്ന് തെരഞ്ഞെടുത്തിട്ടുള്ളത്.
ഗാർഹിക, ചെറുകിട, വൻകിട വ്യാവസായിക ആവശ്യങ്ങൾക്കും കൃഷിക്കും കുടിവെള്ളത്തിനുംവേണ്ടി ഉപയോഗിക്കുന്ന എല്ലാ ഭൂജല സ്രോതസുകളുടെയും വിവരങ്ങൾ ശേഖരിക്കും. കുടുംബശ്രീ അംഗങ്ങൾ വീടുകളിൽ എത്തിയാണ് സെൻസസ് എടുക്കുന്നത്.
പദ്ധതിയിലൂടെ എല്ലാവിധ ഭൂജല സ്രോതസുകളുടെയും വിവരങ്ങൾ കൃത്യമായി ശേഖരിക്കാൻ കഴിയും.