അന്പലക്കവല മൈത്രിനഗർ റോഡ് നിർമാണത്തിൽ നഗരസഭയ്ക്ക് അനാസ്ഥയെന്ന്
1507822
Thursday, January 23, 2025 11:53 PM IST
കട്ടപ്പന: അന്പലക്കവല മൈത്രി നഗർ റോഡ് നിർമാണത്തിൽ നഗരസഭയ്ക്ക് അനാസ്ഥായെന്ന് ആക്ഷേപം. ഫണ്ട് അനുവദിച്ചിട്ടും കരാറുകാരൻ മനഃപൂർവം നിർമാണം നടത്തുന്നില്ലെന്ന് മൈത്രി നഗർ റെസിഡൻസ് അസോസിയേഷൻ ആരോപിച്ചു. പതിറ്റാണ്ടുകൾ പഴക്കമുള്ള റോഡ് 35 വർഷം മുന്‍പാണ് ടാർ ചെയ്തത്. 25 വർഷങ്ങൾക്കുള്ളിൽ രണ്ടു തവണയാണ് റേഡിൽ അറ്റകുറ്റപ്പണികൾ നടത്തിയത്. റോഡ് പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായിട്ട് വർഷങ്ങളായി.
ഒരു വർഷം മുന്‍പ് റോഡ് ടാറിംഗിനായി കൗണ്‍സിലർ ബിജു ഒൻപതു ലക്ഷം രൂപ അനുവദിച്ച് ടെൻഡർ നടപടി പൂർത്തിയാക്കിയതാണ്. എന്നാൽ, നിർമാണങ്ങൾ ഒച്ചിഴയും വേഗത്തിലാണ്. നിരവധി ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നത് നിത്യ സംഭവവുമായി.
മൂന്നാഴ്ച മുന്‍പ് കരാറുകാരൻ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് റോഡ് കുത്തിപ്പൊളിച്ചത് കൂടുതൽ അപകടങ്ങൾക്ക് കാരണമായിരിക്കുകയാണ്. വാഹനങ്ങൾ കടന്നുപോകുന്പോൾ കല്ലൂകൾ തെറിച്ച് അപകടങ്ങളും സംഭവിക്കുന്നുമുണ്ട്.
എട്ടു സ്കൂൾ ബസുകളും നിരവധി വാഹനങ്ങളും കടന്നുപോകുന്ന റോഡിനോടാണ് അതികൃതർ അവഗണന തുടരുന്നത്. ഇരുന്നൂറു കുടുംബങ്ങളാണ് ഈ മേഖലയിൽ താമസിക്കുന്നത്. സമീപത്തെ പാലവും അപകടാവസ്ഥയിലാണ്.
എത്രയും വേഗം റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് മൈത്രി നഗർ റെസിഡൻസ് അസോസിയേഷൻ.