കാരിക്കോട് - തെക്കുംഭാഗം റോഡ് ടാറിംഗ് ആരംഭിച്ചു
1507823
Thursday, January 23, 2025 11:53 PM IST
തൊടുപുഴ: നീണ്ട നാളത്തെ പരിശ്രമങ്ങൾക്കും പരാതികൾക്കും ഒടുവിൽ കാരിക്കോട് - തെക്കുംഭാഗം റോഡ് ടാറിംഗ് ആരംഭിച്ചു. ഏറെ നാളായി തകർന്ന റോഡിലൂടെ നാട്ടുകാർ ദുരിത യാത്ര നടത്തി വരികയായിരുന്നു. വർഷങ്ങളായി കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ യാത്ര ചെയ്ത് നടുവൊടിഞ്ഞ നാട്ടുകാർ വൈകാതെ തന്നെ നല്ല നിലവാരമുള്ള റോഡിലൂടെ യാത്ര ചെയ്യാനാകുമെന്ന ആശ്വാസത്തിലാണ്.
മാസങ്ങൾക്കു മുൻപ് റോഡ് ആധുനിക രീതിയിൽ ടാറിംഗ് നടത്താൻ പൊതുമരാമത്ത് വകുപ്പ് അധികൃതർ ജോലികൾ ആരംഭിച്ചതാണ്. എന്നാൽ പണം അടച്ചിട്ടും യഥാസമയം ജലവിതരണ പൈപ്പുകൾ മാറ്റി സ്ഥാപിക്കാതെയും വഴി നീളെ പൊട്ടി ഒഴുകുന്ന പൈപ്പുകൾ അറ്റകുറ്റപ്പണി നടത്താതെയും ജലഅഥോറിറ്റി തടസം സൃഷ്ടിച്ചു. ഇതിനു പുറമെ റോഡിൽ തടസമായി സ്ഥാപിച്ചിരുന്ന പോസ്റ്റുകൾ അരികിലേക്ക് മാറ്റാതെ വൈദ്യുതി ബോർഡും നിർമാണത്തിന് തടസമായി നിന്നു. ഇവരുടെ നിലപാടു മൂലം മാസങ്ങളോളം നിർമാണ പ്രവർത്തനങ്ങൾ ഇഴഞ്ഞു നീങ്ങുകയായിരുന്നു.
ഒടുവിൽ പരാതി ശക്തമായതോടെ ഉന്നത ഇടപെടലിനെ തുടർന്നാണ് പ്രശ്നം പരിഹരിക്കാൻ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ തയാറായത്. ഇത് സംബന്ധിച്ച് പലതവണ മാധ്യമ വാർത്തയും നൽകിയിരുന്നു. ഇപ്പോൾ തെക്കുംഭാഗം മലങ്കര ഗേറ്റ് ഭാഗത്ത് നിന്നാണ് ഒന്നാം ഘട്ട ടാറിംഗ് ആരംഭിച്ചത്. ഒരാഴ്ചക്കുള്ളിൽ ഇത് പൂർത്തിയാക്കാനാകുമെന്ന് കരാറുകാരൻ പറഞ്ഞു. അവസാന വട്ട ടാറിംഗ് ഇതിനു ശേഷം രണ്ടാഴ്ച കഴിഞ്ഞാകും തുടങ്ങുക.